ഓണാഘോഷം: സ്വര്‍ണത്തില്‍ പ്രതീക്ഷിക്കുന്നത് 8,000 കോടിയുടെ വില്‍പ്പന
നാടും നഗരവും ഓണഘോഷത്തിന്റെ അവസാന ലാപ്പില്‍ നില്‍ക്കവേ ഈ ഓണക്കാലത്ത് സ്വര്‍ണ വിപണി പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വില്‍പന. മലയാളികളുടെ മാത്രം ഉത്സവമായ ഓണത്തിന് ഇത്രയും വലിയ വില്‍പന സംഭവിക്കുമോയെന്നു പലരും സംശയിച്ചേക്കാം.
മലയാളിക്ക് ആഘോഷമെന്നാല്‍ അത് സ്വര്‍ണത്തിളക്കം കൂടിയാണെന്നത് പതിറ്റാണ്ടുകളായുള്ള ഒരു രീതിയാണ്.
ആഘോഷങ്ങള്‍ എന്തുതന്നെയായാലും സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് പ്രത്യക്ഷപ്പെടാനാണ് മലയാളി മങ്കമാര്‍ ആഗ്രഹിക്കാറ്. അതുകൊണ്ടു തന്നെ ഈ ഓണക്കാലത്ത് സ്വര്‍ണാഭരണ വില്‍പ്പന റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. 7,000 കോടി മുതല്‍ 8,000 കോടി രൂപയുടെ വില്‍പ്പനയാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ഇത് കേരളത്തിന്റെ വാര്‍ഷിക സ്വര്‍ണ്ണ വില്‍പ്പനയുടെ ഏഴു മുതല്‍ എട്ട് ശതമാനത്തോളംവരും.
വര്‍ഷത്തില്‍ ഒരുലക്ഷം കോടിയോളം രൂപയുടെ സ്വര്‍ണമാണ് നാം മലയാളികള്‍ വാങ്ങിക്കൂട്ടുന്നത്. ഏപ്രില്‍-മെയ് സീസണിന് ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്നത് ചിങ്ങമെത്തുന്ന ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലത്താണ്. ചിങ്ങമാസം ആയത് കൊണ്ടു തന്നെ കേരളത്തില്‍ കല്യാണ സീസണ്‍ കൂടിയാണ്.
കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റെക്കോര്‍ഡ് കല്യാണം നടന്നത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കേന്ദ്ര ബജറ്റില്‍ സ്വര്‍ണ ഇറക്കുമതി തീരുവ കുറച്ചത് ജൂലൈയില്‍ 55,000 രൂപയായിരുന്ന സ്വര്‍ണവില ദിവസങ്ങള്‍ക്കുള്ളില്‍ 50,400 രൂപയായി കുറയാന്‍ കാരണമായിരുന്നു.
സംസ്ഥാനത്തെ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ലഭിക്കുന്ന ബോണസും മറ്റ് വാര്‍ഷിക ആനുകൂല്യങ്ങളുമെല്ലാം ഓണം വില്‍പനയില്‍ വന്‍ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി എസ് കല്യാണരാമന്‍ വ്യക്തമാക്കി.
വില വര്‍ധിച്ചിട്ടും വില്‍പ്പനയില്‍ വന്‍ വര്‍ധനയുണ്ടായതായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംപി അഹമ്മദ് അറിയിച്ചു.
കസ്റ്റംസ് തീരുവ കുറച്ചത് കള്ളക്കടത്ത് കുറയ്ക്കുകയും ആഭ്യന്തര വില്‍പ്പന വര്‍ധിപ്പിക്കുകയും ചെയ്തതായും അദ്ദേഹം സൂചിപ്പിച്ചു.
തൊട്ടാല്‍പൊള്ളുന്ന സ്ഥിതിയിലാണ് സ്വര്‍ണവിലയെങ്കിലും ഈ വര്‍ഷവും വില്‍പ്പന മൂല്യത്തില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജ്വല്ലറി ഉടമകള്‍. പവന് 53,640 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വ്യാപാരം നടന്നത്. എന്നാല്‍ ഇന്ന് പവന് 960 രൂപയും, ഗ്രാമിന് 120 രൂപയുമാണ് വില കൂടിയത്. അതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 54,600 രൂപയും, ഗ്രാമിന് 6,825 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.