
ദുബായ്: വിമാനത്താവളങ്ങളില്‍ ഇനി ദുബായ് ടാക്‌സി കമ്പനി(ഡിടിസി)യുടെ ടാക്‌സികള്‍ മാത്രമേ യാത്രക്കാര്‍ക്ക് ലഭ്യമാകൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബായ് രാജ്യാന്തര വിമാനത്താവളം, ദുബായ് വേള്‍ഡ് സെന്‍ട്രല്‍ രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാന്‍ മറ്റൊരു ടാക്‌സി സര്‍വീസ് ഇനി മുതല്‍ ലഭ്യമാവില്ല.
ഇതുമായി ബന്ധപ്പെട്ട് ദുബായിലെ രണ്ട് വിമാനത്താവളങ്ങളും ഡിടിസിയുമായി അഞ്ചു വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടിരിക്കുകയാണ്. ടാക്‌സി സര്‍വീസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ദുബായ് ടാക്‌സി കമ്പനി സിഇഒ മന്‍സൂര്‍ ഫലാസിയും ദുബായ് എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫ്തും ധാരണ പത്രത്തില്‍ ഒപ്പുവച്ചു. എന്നാല്‍ വിമാനത്താവളങ്ങളിലേക്ക് എത്തുന്നവര്‍ക്ക് ഏത് കമ്പനിയുടെ ടാക്‌സി സര്‍വീസും ഉപയോഗിക്കാനാവും.