പി സരിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി; സിപിഎം ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് സരിൻ
നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച പി സരിനെ പുറത്താക്കി കോൺഗ്രസ്. ഗുരുതരമായ അച്ചടക്ക ലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസിയുടെ നടപടി. കോൺഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാർത്താ സമ്മേളനം നടത്തുന്നതിനിടെയാണ് സരിനെ പുറത്താക്കിയ നടപടി.
ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിന്റെ നടപടിക്ക് പിന്നാലെയാണ് സരിൻ നിലപാട് വ്യക്തമാക്കിയത്. സിപിഎം നേതൃത്വം ആവശ്യപ്പെട്ടാൽ പാലക്കാട് മത്സരിക്കുമെന്നും സരിൻ കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ അധഃപതനത്തിന് കാരണം വിഡി സതീശനാണെന്ന് സരിൻ വിമർശിച്ചിരുന്നു. കോൺഗ്രസിന് മൂവർ സംഘത്തിൽ നിന്ന് മോചനം വേണമെന്ന് പി സരിൻ പറഞ്ഞു. വി ഡി സതീശൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എന്നീ മൂവർ കോൺഗ്രസിലെ ക്വട്ടേഷൻ സംഘമാണെന്ന് സരിൻ ആരോപിച്ചു.