Kerala

നവീൻ ബാബുവിന്റെ മരണത്തിൽ വേദനയുണ്ട്; നിരപരാധിത്വം തെളിയിക്കുമെന്ന് പി പി ദിവ്യ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആദ്യമായി പ്രതികരിച്ച് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. നവീൻ ബാബുവിന്റെ മരണത്തിൽ വേദനയുണ്ടെന്നും അന്വേഷണവുമായി താൻ സഹകരിക്കുമെന്നും വാർത്താ കുറിപ്പിലൂടെ പി പി ദിവ്യ അറിയിച്ചു. നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നാണ് ദിവ്യ പ്രതികരിച്ചത്

അഴിമതിക്കെതിരെ ഞാൻ നടത്തിയത് സദുദ്ദേശപരമായ വിമർശനമായിരുന്നുവെങ്കിലും എന്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന പാർട്ടി നിലപാടിനെ മാനിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള പാർട്ടി നിലപാടിനെ ശരിവെക്കുന്നു. പാർട്ടി തീരുമാനം മാനിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നുവെന്നും പിപി ദിവ്യ അറിയിച്ചു

നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണവിധേയയായ പി പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഎം മാറ്റിയിരുന്നു. പോലീസ് ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടപടി.

ആദ്യ ഘട്ടങ്ങളിൽ ദിവ്യയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു കണ്ണൂർ ജില്ലാ കമ്മിറ്റി സ്വീകരിച്ചിരുന്നത്. എന്നാൽ വ്യാപക വിമർശനം നേരിട്ടതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം ഇടപെട്ടതും ദിവ്യയുടെ രാജി വാങ്ങാൻ സിപിഎം തീരുമാനിച്ചതും. മുഖ്യമന്ത്രിയാണ് ദിവ്യ രാജിവെക്കണമെന്ന നിർദേശം നൽകിയത്.

ഇതോടെ സിപിഎം സംസ്ഥാന നേതൃത്വം ദിവ്യയെ പുറത്താക്കണമെന്ന് ജില്ലാ കമ്മിറ്റിക്ക് നിർദേശം നൽകി. ഇന്നലെ രാത്രി എട്ട് മണിയോടെ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് ദിവ്യയെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. അഡ്വ. കെ കെ രത്‌നകുമാരിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആക്കാനും ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

Related Articles

Back to top button