സ്റ്റേഷനുകളിലെ പാർക്കിങ് നിരക്ക് വർധിപ്പിച്ചു; അധിക തുക നൽകിയാൽ ഹെൽമെറ്റ് സൂക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകളിൽ വാഹനം പാർക്ക് ചെയ്യാൻ ഇനി അധിക തുക നൽകേണ്ടി വരും. കേരളത്തിലെ സ്റ്റേഷനുകളിലെ പാർക്കിങ് നിരക്കുകൾ വർധിപ്പിക്കുന്നതായി റെയിൽവേ അറിയിച്ചു. ഇരുപതു മുതൽ മുപ്പത് ശതമാനം വരെ വർധനയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരിയിലാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനമായത്. ആദ്യമായി തിരുവനന്തപുരം കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ ഈ വർധന റെയിൽവേ നടപ്പാക്കിക്കഴിഞ്ഞു.
പുതിയ നിരക്കനുസരിച്ച്, ഇരുചക്രവാഹനങ്ങൾക്ക് രണ്ടു മണിക്കൂർ വരെ 10 രൂപയും രണ്ടു മുതൽ എട്ട് മണിക്കൂർ വരെ 20 രൂപയും എട്ട് മുതൽ ഇരുപത്തിനാല് മണിക്കൂർ വരെ 30 രൂപയുമാണ് ഇനിമുതൽ യാത്രക്കാർ നൽകേണ്ടിവരിക. ഓട്ടോ, കാർ എന്നിവയ്ക്ക് ഇത് യഥാക്രമം 30, 50, 80 എന്നിങ്ങനെയാണ്. മാസാടിസ്ഥാനത്തിലാണ് തുക നൽകുന്നതെങ്കിൽ ഇരുചക്രവാഹനങ്ങൾക്ക് 600 രൂപയാണ് ഈടാക്കുന്നത്. ഇനി ഹെൽമെറ്റ് സൂക്ഷിക്കണമെങ്കിൽ പ്രത്യേകം 10 രൂപയും നൽകണം.
ഉടൻതന്നെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. 2017-ലാണ് അവസാനമായി റെയിൽവേ പാർക്കിങ് നിരക്കുകളിൽ വർദ്ധനവ് നടപ്പാക്കിയത്. ഓരോ സ്റ്റെഷൻ്റെയും വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കാറ്റഗറിയനുസരിച്ചായിരുന്നു നേരത്തേ ഫീസ് ഈടാക്കി കൊണ്ടിരുന്നത്. സംസ്ഥാനത്ത് തിരുവനന്തപുരം സെൻട്രൽ, കോഴിക്കോട്, എറണാകുളം സ്റ്റേഷനുകളിലാണ് ഇതനുസരിച്ച് ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കുന്നത്.
നിലവിൽ അമൃത് ഭാരത് പദ്ധതിക്ക് കീഴിൽ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 34 സ്റ്റേഷനുകളാണ് നവീകരിക്കുന്നത്. 300 കോടിയിലേറെ രൂപയാണ് ഇതിൻ്റെ ചെലവ്. ഈ സ്റ്റേഷനുകൾക്കും നിരക്ക് വർദ്ധന ബാധകമാണ്. അമൃത് ഭാരതിൽപ്പെടാത്ത, വരുമാനം കൂടുതലുള്ള ചില സ്റ്റേഷനുകളിൽ പാർക്കിങ്ങിനായും മറ്റും കൂടുതൽ സംവിധാനങ്ങളും റെയിൽവേ ഏർപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവിടങ്ങളിലും പാർക്കിങ് ഫീസ് കൂട്ടാനാണ് തീരുമാനം.
പാർക്കിങ് രസീതുകൾ ഉൾപ്പെടെ പ്രിന്റിങ് സംവിധാനത്തിലൂടെയാകും യാത്രക്കാർക്ക് നൽകി വരുക. എട്ടു വർഷത്തിന് ശേഷമാണ് നിരക്കുകൾ കൂട്ടുന്നതെന്നും കാലോചിതമായ വർധനവാണ് നടപ്പാക്കിയിട്ടുള്ളതെന്നും റെയിൽവേ പറഞ്ഞു.