പേസർമാരുടെ പറുദീസയായി പെർത്ത്; ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 150 റൺസിന് പുറത്ത്
ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 150 റൺസിന് പുറത്തായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഓസീസ് ബൗളർമാരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പാടുപെടുകയായിരുന്നു. അരങ്ങേറ്റം കുറിച്ച നിതീഷ് കുമാർ റെഡ്ഡിയുടെയും റിഷഭ് പന്തിന്റെയും പ്രകടനമാണ് ഇന്ത്യൻ സ്‌കോർ 150 ൽ എത്തിച്ചത്.
കൂട്ടത്തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. 5 റൺസെടുക്കുന്നതിനിടെ ആദ്യ വിക്കറ്റും 73 റൺസിനിടെ 6 വിക്കറ്റും നഷ്ടമായി. ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ റിഷഭ് പന്തും നിതീഷ് കുമാർ റെഡ്ഡിയും ചേർന്നുള്ള കൂട്ടുകെട്ടാണ് ഇന്ത്യയെ 100 കടത്തിയത്. ഇരുവരും ചേർന്ന് സ്‌കോർ 121 വരെ എത്തിച്ചു. 78 പന്തിൽ 37 റൺസെടുത്ത പന്തിനെ കമ്മിൻസ് പുറത്താക്കുകയായിരുന്നു
പിന്നീട് വന്ന ആർക്കും പിടിച്ചുനിൽക്കാനായില്ല. മറുഭാഗത്ത് നിതീഷ് പതിയെ സ്‌കോർ ഉയർത്തുകയും ചെയ്തു. ഒടുവിൽ പത്താമനായി പുറത്താകുമ്പോൾ 59 പന്തിൽ ആറ് ഫോറും ഒരു സിക്‌സും സഹിതം 41 റൺസ് ഈ അരങ്ങേറ്റക്കാരൻ സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ ഇന്നിംഗ്‌സിലെ ടോപ് സ്‌കോററും നിതീഷാണ്.
കെ എൽ രാഹുൽ 26 റണ്ഡസും ധ്രുവ് ജുറേൽ 11 റണ്ഡസുമെടുത്തു. മറ്റാരും രണ്ടക്കം കടന്നില്ല. ജയ്‌സ്വാളും ദേവ്ദത്തും പൂജ്യത്തിന് വീണു. കോഹ്ലി 5 റണ്ഡസിനും വാഷിംഗ്ടൺ സുന്ദർ 7 റൺസിനും ഹർഷിത് റാണ ഏഴ് റൺസിനും ബുമ്ര എട്ട് റൺസെടുത്തും പുറത്തായി. ഓസ്‌ട്രേലിയക്ക് വേണ്ടി ജോഷ് ഹേസിൽവുഡ് നാല് വിക്കറ്റുകൾ വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക് പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി