Kerala
ലഹരി പരിശോധനക്കിടെ പോലീസുദ്യോഗസ്ഥനെ മർദിച്ച കേസ്; പികെ ഫിറോസിന്റെ സഹോദരന്റെ ജാമ്യാപേക്ഷ തള്ളി

ലഹരി പരിശോധനക്കിടെ പോലീസിനെ മർദിച്ച കേസിൽ മുസ്ലിം ലീഗ് നേതാവ് പികെ ഫിറോസിന്റെ സഹോദരൻ ബുജൈറിന് ജാമ്യമില്ല. പികെ ബുജൈറിന്റെ ജാമ്യാപേക്ഷ കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി.
ലഹരി മരുന്ന് പരിശോധനക്കിടെ പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചെന്ന കേസാണ് ഇയാൾക്കെതിരെയുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസ്. നേരത്തെ രണ്ട് തവണ കേസ് പരിഗണിച്ചെങ്കിലും മാറ്റിവെച്ചിരുന്നു. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡിലാണ് ബുജൈർ.
പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. ലഹരിക്കേസിൽ അറസ്റ്റിലായ റിയാസുമായി ബുജൈറിന് ലഹരിയിടപാടുകൾ ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റ് ഇടപാടുകാരുമായി ബുജൈറിന് ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.