പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്, നഗരത്തിൽ ഗതാഗത നിയന്ത്രണം; വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ് നാളെ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. നാളെയാണ് വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണമുണ്ടാകും.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി പത്ത് മണി വരെയും വെള്ളിയാഴ്ച രാവിലെ ആറര മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയുമാണ് ഗതാഗത നിയന്ത്രണം. വൈകുന്നേരാണ് പ്രധാനമന്ത്രിയുടെ വിമാനം തിരുവനന്തപുരത്ത് ഇറങ്ങുക. രാത്രി പ്രധാനമന്ത്രി രാജ്ഭവനിൽ തങ്ങും. നാളെ രാവിലെ സൈനിക ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി വിഴിഞ്ഞത്ത് എത്തും.
ചടങ്ങിന് മുമ്പായി പ്രധാനമന്ത്രി തുറമുഖം കാണും. കമ്മീഷിനിംഗിനോട് അനുബന്ധിച്ച് എം എസ് സിയുടെ കൂറ്റൻ കപ്പലായ സെലസ്റ്റീനോ മരെസ്‌ക വിഴിഞ്ഞത്ത് എത്തും. നാളെ രാവിലെ 11 മണിക്കാണ് കമ്മീഷനിംഗ് ചടങ്ങ് നടക്കുന്നത്. ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനേവാൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. പൊതുജനങ്ങൾക്കും ചടങ്ങിൽ പ്രവേശനമുണ്ടാകും