പോലീസിന്റെ മിന്നൽ പരിശോധന; കൊല്ലത്ത് മദ്യപിച്ച് വാഹനമോടിച്ച 17 ബസ് ഡ്രൈവർമാർ പിടിയിൽ

കൊല്ലത്ത് പോലീസ് പരിശോധനയിൽ കെഎസ്ആർടിസി ഡ്രൈവർ ഉൾപ്പടെ 17 ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി. പിടിയിലായവരിൽ അഞ്ച് സ്‌കൂൾ ബസ് ഡ്രൈവർമാരുമുണ്ട്. രണ്ടര മണിക്കൂർ മാത്രം നീണ്ടു നിന്ന പരിശോധനയിലാണ് ഇത്രയധികം ഡ്രൈവർമാരെ മദ്യപിച്ചതിന് പിടികൂടിയത്.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണിന്റെ നിർദേശ പ്രകാരം കൊല്ലം സിറ്റി പരിധിയിലായിരുന്നു പരിശോധന. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസ് കമ്മിഷണർ പരിശോധനയ്ക്ക് നിർദേശം നൽകിയത്.
ഒരു കെഎസ്ആർടിസി ബസ്, പത്ത് സ്വകാര്യ ബസുകൾ, അഞ്ച് സ്‌കൂൾ ബസുകൾ, ഒരു ടെമ്പോ ട്രാവലർ എന്നിവയുടെ ഡ്രൈവർമാരാണ് പിടിയിലായത്. പിടിയിലായ 17 പേരെയും വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് എത്തിച്ചിട്ടുണ്ട്.
പരിശോധന തുടരുമ്പോൾ ഡ്രൈവർമാരുടെ വാട്സാപ്പ് ഗ്രൂപ്പ് വഴി പരിശോധന വിവരങ്ങൾ സ്വകാര്യ ബസ് ഡ്രൈവർമാർക്ക് ചോർത്തി നൽകിയതിനെ തുടർന്ന് പലയിടത്തും സ്വകാര്യ ബസ് സർവീസുകൾ നിർത്തി വച്ചതായും ആക്ഷേപം ഉയരുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരും.