Kerala

നവീന്‍ ബാബുവിനെതിരെ പരാതി നല്‍കിയ പ്രശാന്തന് സസ്‌പെന്‍ഷന്‍

പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയത് പ്രശാന്തന്‍

കണ്ണൂര്‍: എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കോഴ ആരോപണത്തിലെ പരാതിക്കാരന്‍ ടി വി പ്രശാന്തനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷന്‍ ആയി ജോലി ചെയ്തുവരികയായിരുന്നു പ്രശാന്തന്‍. വിവാദ പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയത് പ്രശാന്തനായിരുന്നു. അനധികൃതമായി പ്രശാന്തന്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

ടി വി പ്രശാന്തന് എതിരെ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ജോയിന്റ് ഡിഎംഇയും വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. സ്വകാര്യ ബിസിനസ് സംരംഭത്തില്‍ ഏര്‍പ്പെട്ടത് ഗുരുതരമായ ചട്ടലംഘനമാണെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രശാന്തന്‍ സര്‍വീസിലിരിക്കെ പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയതിനെ കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ചെങ്ങളായിയില്‍ പ്രശാന്തന്‍ അപേക്ഷിച്ച പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കാത്തതില്‍ അഴിമതി നടന്നതായി എ.ഡി.എമ്മിന് നല്‍കിയ യാത്രഅയപ്പ് യോഗത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തത്.

 

Related Articles

Back to top button