GulfKerala

മോനെ ഒരു നോക്ക് കാണണമെന്ന് ഉമ്മ; ഇവിടെവെച്ച് വേണ്ടെന്ന് റഹീം, ഉത്തരം കിട്ടാതെ മലയാളികള്‍

ഉമ്മാന്റെ ഒപ്പം വന്നവരെ വിശ്വാസമില്ലെന്ന് റഹീം

റിയാദ്: 19 വര്‍ഷത്തിന് ശേഷം സ്വന്തം മകനെ കാണണമെന്നും ഒപ്പം ഉംറ ചെയ്യണമെന്നുമായിരുന്നു കേരളത്തില്‍ നിന്ന് വിമാനം കയറുമ്പോള്‍ ആ ഉമ്മായുടെ ആഗ്രഹം. എന്നാല്‍, ഉംറ നിര്‍വഹിക്കാന്‍ സാധിച്ചെങ്കിലും തൊട്ടെടുത്തെത്തിയിട്ടും മകന്‍ റഹീമിനെ കാണാന്‍ സാധിച്ചില്ല. പൊട്ടിക്കരഞ്ഞാണ് ആ ഉമ്മ സഊദിയിലെ ജയിലില്‍ നിന്ന് പടിയിറങ്ങിയത്. തൂക്കുകയറിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ജയില്‍ മോചനം ലഭിക്കാത്തതിന്റെ സങ്കടം കൊണ്ടാകാം ഉമ്മാനെ കാണാന്‍ റഹീം വിസമ്മതിച്ചതെന്ന് കരുതുന്നു.

ജയിലിന്റെ തൊട്ടടുത്തിരുന്ന് വിഡിയോ കോണ്‍ഫറന്‍സ് വഴി ആ ഉമ്മ സംസാരിച്ചു. മകനെ കാണാന്‍ കഴിയാത്തതിന്റെ സങ്കടം പൊതിഞ്ഞുവെച്ച് റഹീമിന്റെ ഉമ്മ കണ്ണീര്‍ പൊഴിച്ചു. പത്തൊന്‍പത് വര്‍ഷമായി മോനെ കണ്ടിട്ട്. ഇന്നെങ്കിലും അവനെ കാണാമല്ലോ എന്നായിരുന്നു സന്തോഷം. എന്നാല്‍ എന്നെ കാണാന്‍ അവന്‍ തയ്യാറായില്ല. തൊട്ടടുത്തെത്തിയിട്ടും അവന്‍ എന്നെ കാണാന്‍ വന്നില്ല. നാട്ടില്‍ വരുമല്ലോ. അപ്പോ കാണാം, ആയുസുണ്ടെങ്കില്‍. കണ്ണീര്‍ പൊഴിച്ച് ഫാത്തിമ പറയുന്നു. കുറെ ബുദ്ധിമുട്ട് സഹിച്ചാണ് ഇവിടെ എത്തിയത്. ശരീരമാകെ വേദനയുണ്ട്. ജയില്‍ മേധാവിയുടെ ഓഫിസിലെത്തിയ എന്നെ കാണാന്‍ വരാന്‍ റഹീമിനോട് ആവശ്യപ്പെട്ടെങ്കിലും വന്നില്ല. ഉദ്യോഗസ്ഥര്‍ കുറെ നേരം പറഞ്ഞെങ്കിലും കാണാന്‍ തയ്യാറായില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പിന്നീട് അവനോട് സംസാരിച്ചത്. സെല്ലിന് സമീപത്തേക്ക് പോയെങ്കിലും റഹീം കാണാന്‍ കൂട്ടാക്കിയില്ല. ഉമ്മാന്റെ കൂടെ വന്നവരെ വിശ്വാസമില്ലെന്നാണ് റഹീം പറയുന്നത്. മോനേ, നിന്നെ കാണാതെ ഞാന്‍ ഇവിടെ നിന്ന് പോകില്ലെന്ന് കരഞ്ഞ് പറഞ്ഞെങ്കിലും റഹീം കാണാന്‍ തയ്യാറായില്ല.

18 വര്‍ഷമായി റഹീമിന്റെ മോചനത്തിനു പ്രവര്‍ത്തിക്കുന്ന നിയമസഹായ സമിതിയെ അറിയിക്കാതെയാണ് കുടുംബം സൗദിയിലേക്ക് പോയതെന്നാണു വിവരം. മോചന നടപടികളുടെ ഭാഗമായി 17ന് കേസ് പരിഗണിക്കാനിരിക്കെ തന്നെ കാണാന്‍ ജയിലിലേക്ക് വരേണ്ടതില്ലെന്നു റഹീം കുടുംബത്തെ നേരത്തേ അറിയിച്ചതായും സൂചനയുണ്ട്.

Related Articles

Back to top button