Kerala

കനത്ത ചൂടിനിടയിൽ സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ; രണ്ട് ദിവസം ചില്ല ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കനത്ത ചൂടിനിടയിൽ സംസ്ഥാനത്ത് ആശ്വാസമായി മഴ. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

ഇതിന്റെ ഭാ​ഗമായി ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. തിങ്കളാഴ്ചയും മഴമുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച വയനാട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്.അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനു പുറമെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.8 മുതൽ 1.7 മീറ്റർ വരെയും, കന്യാകുമാരി തീരത്ത് നാളെ രാത്രി 11.30 വരെ 0.8 മുതൽ 1.5 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

അതേസമയം സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശനിയാഴ്ച വരെ പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Related Articles

Back to top button
error: Content is protected !!