രഞ്ജി പരീക്ഷയിൽ രണ്ടാമിന്നിംഗ്‌സിലും രക്ഷയില്ലാതെ സൂപ്പർ താരങ്ങൾ; രോഹിത് 28, ജയ്‌സ്വാൾ 26, ശ്രേയസ് 17
ജമ്മു കാശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ രണ്ടാമിന്നിംഗ്‌സിലും അതിവേഗം കൂടാരം കയറി മുംബൈക്കായി ഇറങ്ങിയ സൂപ്പർ താരങ്ങൾ. കളിച്ച് ഫോം കണ്ടെത്താനായി ബിസിസിഐ രഞ്ജി കളിക്കാൻ പറഞ്ഞുവിട്ട ഇന്ത്യൻ നായകൻ രോഹിത് ശർമക്ക് അടക്കം ഇന്നും തിളങ്ങാനായില്ല. മുംബൈക്ക് വേണ്ടി ഓപൺ ചെയ്ത രോഹിത് 28 റൺസിന് പുറത്തായി. ആദ്യ ഇന്നിംഗ്‌സിൽ 3 റൺസിനും രോഹിത് പുറത്തായിരുന്നു
മൂന്ന് സിക്‌സും രണ്ട് ഫോറും അടിച്ച് സ്വതസിദ്ധമായ ശൈലിയിൽ തുടങ്ങിയ രോഹിത് ഫോമിലേക്ക് തിരികെ വരുന്നുവെന്ന സൂചന കാണിച്ചെങ്കിലും അധികം നേരം നീണ്ടുനിന്നില്ല. 35 പന്തിൽ 28 റൺസെടുത്ത് നിൽക്കെ യുദ്ധ് വീർ സിംഗിന്റെ പന്തിൽ രോഹിത് പുറത്തായി.
51 പന്തിൽ 26 റൺസെടുത്ത യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റും യുദ്ധ് വീറിനാണ്. ശിവം ദുബെ പൂജ്യത്തിന് പുറത്തായി. ശ്രേയസ് അയ്യർ 16 പന്തിൽ 17 റൺസെടുത്ത് വീണു. രഹാനെ 36 പന്തിൽ 16 റൺസെടുത്തു. നിലവിൽ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് എന്ന നിലയിലാണ്.
17 റൺസുമായി ഷാർദൂൽ താക്കൂറും ഒരു റൺസുമായി തനുഷ് കോട്ടൈനുമാണ് ക്രീസിൽ. മുംബൈ ഒന്നാമിന്നിംഗ്‌സിൽ 120 റൺസിന് പുറത്തായിരുന്നു. ജമ്മു കാശ്മീർ ഒന്നാമിന്നിംഗ്‌സിൽ 206 റൺസെടുത്തു.