മകളെ പീഡിപ്പിച്ച് കൊന്ന പ്രതിയെ വെടിവെച്ചു കൊന്ന അച്ഛൻ; ശങ്കരനാരായണൻ അന്തരിച്ചു

കൃഷ്ണപ്രിയയുടെ അച്ഛൻ എന്ന മേൽവിലാസം മാത്രം മതി ശങ്കരനാരായണൻ എന്ന വ്യക്തിയെ കേരളം ഓർക്കാൻ. വെറും 13 വയസ് മാത്രം പ്രായമുള്ള മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ച് കൊന്ന് ജയിലിൽ പോയ പിതാവ്. ശങ്കരനാരായണൻ 75ാം വയസിൽ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മഞ്ചേരി ചാരങ്കാവ് സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം
2001 ഫെബ്രുവരി ഒമ്പതിനാണ് ഏഴാം ക്ലാസിൽ പഠിക്കുന്ന കൃഷ്ണപ്രിയയെ സ്‌കൂൾ വിട്ടുവരുന്ന വഴി അയൽവാസിയായ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ(24) ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസിൽ ജയിലിൽ പോയ മുഹമ്മദ് കോയ 2002 ജൂലൈ 27ന് ജാമ്യത്തിലിറങ്ങിപ്പോഴാണ് ശങ്കരനാരായണൻ വെടിവെച്ച് കൊന്നത്
ഈ കേസിൽ ശങ്കരനാരായണനെയും മറ്റ് രണ്ട് പേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചെങ്കിലും 2006 മെയ് മാസം തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിട്ടു. കൃഷ്ണപ്രിയ മരിച്ച ശേഷം കണ്ണീരോടെയല്ലാതെ ശങ്കരനാരായണൻ ഉറങ്ങിയിട്ടില്ലെന്നാണ് നാട്ടുകാരും പറയുന്നത്. മരിക്കും വരെ കൃഷ്ണപ്രിയയെ കുറിച്ച് മാത്രമായിരുന്നു ശങ്കരനാരായണൻ സംസാരിച്ചിരുന്നതെന്ന് അയൽവാസികൾ പറഞ്ഞു