സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു; ആദ്യ പരിപാടി മുഖ്യമന്ത്രിക്കൊപ്പം കണ്ണൂരിൽ

സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. എഡിജിപി എച്ച് വെങ്കിടേഷ് പോലീസ് മേധാവിയുടെ അധികാര ചിഹ്നം കൈമാറി. സ്ഥാനമേറ്റെടുത്ത ശേഷം പോലീസുകാരുടെ സ്മൃതി മണ്ഡപത്തിൽ അദ്ദേഹം പുഷ്പചക്രം സ്വീകരിച്ചു. പിന്നാലെ സേനയുടെ അഭിവാദ്യം സ്വീകരിച്ചു.
രാവിലെ ഭാര്യക്കൊപ്പമാണ് റവാഡ ചന്ദ്രശേഖർ പോലീസ് ആസ്ഥാനത്ത് എത്തിയത്. ഇന്ന് പുലർച്ചെയാണ് അദ്ദേഹം ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്ന അദ്ദേഹം കേന്ദ്ര സർവീസിൽ നിന്ന് വിടുതൽ ലഭിച്ചയുടൻ കേരളത്തിലേക്ക് തിരിക്കുകയായിരുന്നു
പോലീസ് മേധാവി ഉടൻ തന്നെ കണ്ണൂരിലേക്ക് തിരിക്കും. കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പോലീസ് മേഖലാതല യോഗത്തിൽ റവാഡ ചന്ദ്രശേഖർ പങ്കെടുക്കും. 1991 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ആന്ധ്രാപ്രദേശ് സ്വദേശിയാണ്. 2027 ജൂലൈ ഒന്ന് വരെയാണ് അദ്ദേഹത്തിന് സർവീസുള്ളത്.