
വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് സെക്കൻഡറി താരിഫ് ചുമത്തുന്നത് ഒഴിവാക്കിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ ഏർപ്പെടുത്തിയ അധിക തീരുവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ നിർണായക പ്രസ്താവന.
റഷ്യൻ അധിനിവേശത്തെ തുടർന്ന് യുഎസ് റഷ്യൻ എണ്ണക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടർന്നു. ഇതേ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അധിക ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
എന്നാൽ ഇപ്പോൾ നിലപാടിൽ മാറ്റം വരുത്തിക്കൊണ്ട്, ഈ വിഷയത്തിൽ പുടിനുമായി നടന്ന ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നും, അതിനാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് സെക്കൻഡറി താരിഫ് ചുമത്തേണ്ട ആവശ്യം ഉടൻ ഉണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, ഭാവിയിൽ സ്ഥിതിഗതികൾ വിലയിരുത്തി നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ നീക്കം ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധങ്ങളിൽ നിലനിന്നിരുന്ന ആശങ്കകൾക്ക് താത്കാലികമായി അയവ് വരുത്താൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. നേരത്തെ, ഇന്ത്യക്കെതിരെ സെക്കൻഡറി താരിഫ് ചുമത്തുന്ന ട്രംപിന്റെ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുമെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.