അറ്റകുറ്റപണി: അക്കൗണ്ട് ഉടമകള്‍ക്ക് യുപിഐ സേവനം മുടങ്ങുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക്
ന്യൂഡല്‍ഹി: അറ്റകുറ്റപണികളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് യുപിഐ സേവനങ്ങള്‍ നിലയ്ക്കുമെന്ന മുന്നറിയിപ്പുമായി എച്ച്ഡിഎഫ്സി ബാങ്ക്. യുപിഐ ഇടപാടുമായി ബന്ധപ്പെട്ട അക്കൗണ്ട് ഉടമകള്‍ക്കാണ് കമ്പനി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ മാസം രണ്ട് ദിവസം സേവനങ്ങള്‍ പൂര്‍ണമായും തടസ്സപ്പെടുമെന്നാണ് എച്ച്ഡിഎഫ്സി നല്‍കുന്ന മുന്നറിയിപ്പ്.
നവംബര്‍ 5, 23 തിയതികളില്‍ ആയിരിക്കും സേവനം തകരാറിലാവുക. അഞ്ചാം തിയതി രണ്ട് മണിക്കൂറും, 23 ാം തിയതി മൂന്ന് മണിക്കൂറും ആകും യുപിഐ സേവനങ്ങള്‍ തടസപ്പെടുക. അഞ്ചാം തിയതി അര്‍ദ്ധരാത്രി 12 മണി മുതല്‍ 2 മണിവരെയും 23ന് അര്‍ദ്ധരാത്രി 12 മുതല്‍ 3 മണിവരെയും ഉപഭോക്താക്കള്‍ക്ക് യുപിഐ വഴി പണമിടപാട് നടത്താന്‍ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു. അതേസമയം മറ്റ് ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ഒപ്പം ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും അനുഭവപ്പെടില്ലെന്നും ബാങ്ക് അധികാരികള്‍ വെളിപ്പെടുത്തി.