സമസ്ത അദ്ധ്യക്ഷൻ ജിഫ്രി തങ്ങള്‍ തന്നെ വഖഫ് സംരക്ഷണ സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

കൊച്ചി: കലൂരില്‍ നടക്കുന്ന വഖഫ് സംരക്ഷണ റാലിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഓണ്‍ലൈനായാണ് ഉദ്ഘാടനം ചെയ്തത്. നേരത്തെ ജിഫ്രി തങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന പ്രചാരണമുണ്ടായിരുന്നു.
തിരക്ക് കാരണമാണ് നേരിട്ട് വരാന്‍ കഴിയാത്തതെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. നേരിട്ട് പങ്കെടുക്കാത്തത് അനാരോഗ്യം കാരണമെന്നാണ് സംഘാടകരുടെ പ്രതികരണം.
പാണക്കാട് സാദിഖലി തങ്ങളെ പരിപാടിക്ക് ക്ഷണിക്കാത്തതിനെത്തുടര്‍ന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിട്ടുനില്‍ക്കുന്നതെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്. സുന്നി പണ്ഡിതസഭകളുടെ നേതൃത്വത്തിലുള്ള ജംഇയ്യത്തുല്‍ ഉലമ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് കലൂരില്‍ സമ്മേളനം നടത്തുന്നത്.
അതേസമയം നാല് സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഭരണഘടന-വഖഫ് സംരക്ഷണ സംഗമത്തില്‍ നിന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ നേതാവ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവിയും പിന്മാറിയത് മുസ്ലിം ലീഗിന്റെ ഭീഷണി കൊണ്ട് മാത്രമാണെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു. സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ട ജിഫ്രി മുത്തുക്കോയ തങ്ങള്‍ അവസാന നിമിഷമാണ് തീരുമാനം മാറ്റിയത്. ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമയെ പരിപാടിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നേരത്തെ തന്നെ ശ്രമങ്ങളാരംഭിച്ചിരുന്നു. അധികാരത്തില്‍ വന്നാല്‍ ദക്ഷിണക്ക് നല്‍കാന്‍ പോകുന്ന പദവികളെക്കുറിച്ചുള്ള വന്‍ വാഗ്ദാനങ്ങളാണത്രേ ലീഗ് നേതാക്കള്‍ മുന്നോട്ടുവെച്ചത്. അതോടെയാണ് പാണക്കാട് തങ്ങന്മാര്‍ ഇല്ലാതെ എന്ത് സുന്നി ഐക്യം എന്ന പരസ്യ പ്രസ്താവനയുമായി തൊടിയൂര്‍ രംഗത്തെത്തിയതെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.
ലീഗിനെയും പാണക്കാട് തങ്ങളെയും മാറ്റിനിര്‍ത്തി നടക്കുന്ന റാലി വന്‍ സംഭവമാകുമെന്നു വന്നതോടെ തങ്ങളുടെ അപ്രമാദിത്വം തകരുമെന്ന ലീഗിന്റെ ഭീതിയാണ് റാലി പരാജയപ്പെടുത്താനുള്ള ശ്രമത്തിന്റെ പിന്നില്‍. കേരളത്തില്‍ നടക്കുന്ന ഇത്തരം പരിപാടികളെല്ലാം പാര്‍ട്ടിയുടെ നേതൃത്വത്തിലെ പാടുള്ളവെന്ന ലീഗിന്റെ ധിക്കാരത്തിനേറ്റ പ്രഹരമായിരുന്നു സുന്നി ബാനറിലുള്ള കൊച്ചി പരിപാടി. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും കാന്തപുരം വിഭാഗം നേതാവ് ബുഖാരി തങ്ങളും ഒരുമിക്കുന്ന സമ്മേളനം ചരിത്ര സംഭവമാകുമെന്ന് മനസ്സിലാക്കിയതോടെ, റാലി പരാജയപ്പെടുത്താന്‍ ആഴ്ചകളായി ലീഗ് നേതാക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ജിഫ്രി തങ്ങളുടെ നേതൃത്വത്തിലുള്ള ഇ.കെ വിഭാഗം സമസ്ത സ്വന്തം അസ്ഥിത്വം വീണ്ടെടുത്ത് സുന്നി വിഭാഗങ്ങളെ ഒരുമിപ്പിക്കുന്നത് പാണക്കാട് ലോബി വെല്ലുവിളിയായാണ് കാണുന്നത്. ഏതായാലും സുന്നി ഐക്യത്തിന് തുരങ്കം വെക്കുക വഴി ലീഗ് പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 1989ല്‍ കൊച്ചിയില്‍ നടന്ന സുന്നി യുവജന സംഘം സമ്മേളനം പരാജയപ്പെടുത്താന്‍ ലീഗ് എത്ര ശ്രമിച്ചിട്ടും വിജയിക്കാതെ പോയതോടെയാണ് സമസ്ത ഒരു പിളര്‍പ്പിനെ നേരിട്ടതെന്ന് കാസിം ഇരിക്കൂര്‍ ഓര്‍മിപ്പിച്ചു.
സമ്മേളനത്തില്‍ സഹകരിക്കില്ലെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയും വ്യക്തമാക്കിയിരുന്നു. ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവിയാണ് നിലപാട് വ്യക്തമാക്കിയത്. പാണക്കാട് തങ്ങന്മാരില്ലാതെ ഒരു സുന്നി ഐക്യത്തിന് പ്രസക്തിയില്ലന്നും തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി വ്യക്തമാക്കിയിരുന്നു. സമസ്തയിലെ ലീഗ് അനുകൂല വിഭാഗവും പരിപാടിയില്‍ നിന്ന് വിട്ടുനിന്നേക്കും.