ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സൗദി വിദേശകാര്യ മന്ത്രി ബ്രസീലിൽ എത്തി

റിയോ ഡി ജനീറോ: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ തിങ്കളാഴ്ച ബ്രസീലിലെ റിയോ ഡി ജനീറോയിൽ എത്തി. 17-ാമത് ബ്രിക്സ് ഉച്ചകോടി ജൂലൈ 6, 7 തീയതികളിലാണ് നടക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് പകരക്കാരനായാണ് ഫൈസൽ രാജകുമാരൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ബ്രിക്സ് കൂട്ടായ്മയിലെ പൂർണ്ണ അംഗമല്ലാത്ത സൗദി അറേബ്യ, ഗ്രൂപ്പിൽ ചേരാൻ ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെ കൂട്ടത്തിൽ പങ്കാളിയായാണ് ഉച്ചകോടിയിലെത്തുന്നത്. പങ്കാളി രാജ്യങ്ങളും ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും പങ്കെടുക്കുന്ന ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ ചർച്ചകളിൽ ഫൈസൽ രാജകുമാരൻ പങ്കെടുക്കും. ആഗോള വികസന ശ്രമങ്ങൾ, കാലാവസ്ഥാ പ്രശ്നങ്ങൾ, പകർച്ചവ്യാധികൾക്കെതിരായ പോരാട്ടം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പെടുന്ന ബ്രിക്സ് കൂട്ടായ്മ 2024-ൽ ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ, ഇന്തോനേഷ്യ എന്നിവയെ പുതിയ അംഗങ്ങളായി ഉൾപ്പെടുത്തി വിപുലീകരിച്ചിരുന്നു. സൗദി അറേബ്യയും കൂട്ടായ്മയിൽ ചേരാൻ ക്ഷണിക്കപ്പെട്ടെങ്കിലും 2024-ന്റെ തുടക്കത്തിൽ പൂർണ്ണ അംഗത്വം സ്വീകരിച്ചിട്ടില്ലായിരുന്നു. അംഗത്വം സംബന്ധിച്ച കാര്യങ്ങൾ ഇപ്പോഴും സൗദി അറേബ്യയുടെ പരിഗണനയിലാണെന്നാണ് റിപ്പോർട്ടുകൾ.