കോഴിക്കോട്-വയനാട് നാലുവരി തുരങ്ക പാതക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി

കോഴിക്കോട്-വയനാട് നിർദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥികാനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. മെയ് 14,15 തീയതികളിൽ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകൾ പാലിച്ച് കൊണ്ട് നടപ്പിലാക്കാൻ വിദഗ്ദ സമിതി ശുപാർശ ചെയ്തിരുന്നു.
വിവിധ ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥികാനുമതി നൽകിയിരിക്കുന്നത്. ഇതോടെ കരാർ ഒപ്പിട്ട് തുരങ്ക പാതയുടെ പ്രവൃത്തി ആരംഭിക്കാനാവും. പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ തൃകക്ഷി കരാറിലാണ് തുരങ്കപാത നിർമാണം നടക്കുക. ഭോപ്പാൽ അസ്ഥാനമാക്കിയ ദിലിപ് ബിൽഡ്‌കോൺ, കൊൽക്കത്ത അസ്ഥാനമാക്കിയ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തത്.
2134 കോടി രൂപയാണ് പദ്ധതി ചെലവ്. ടെണ്ടർ നടപടികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു. നിർമാണ പ്രവൃത്തി ഉദ്ഘാടനം ജൂലൈ മാസത്തിൽ മുഖ്യമന്ത്രി നിർവ്വഹിക്കുമെന്നും എംഎൽഎ അറിയിച്ചു.