എസ് എഫ് ഐ നരഭോജി പ്രസ്ഥാനം: സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെ സുധാകരൻ

സഹപാഠികളെ കൊല ചെയ്യുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എസ് എഫ് ഐയുടെ മൃഗീയവിനോദമായി മാറിയ സാഹചര്യത്തിൽ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എസ് എഫ് ഐ സംസ്ഥാന സമ്മേളനം ആരംഭിച്ച സാഹചര്യത്തിൽ ഇങ്ങനെയൊരു തീരുമാനമാണ് കേരളം കേൾക്കാൻ കാത്തിരിക്കുന്നത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഇക്കാര്യത്തിൽ കേരള സമൂഹത്തോടൊപ്പം നിൽക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥനെ കൊന്നൊടുക്കിയിട്ട് ഒരു വർഷം തികയുന്നതിനിടയിൽ എത്രയെത്ര ക്രൂരതകളാണ് ഈ സംഘടന നടത്തിയത്. ഏറ്റവുമൊടുവിൽ കാര്യവട്ടം ക്യാമ്പസും എസ് എഫ് ഐ ചോരയിൽ മുക്കി. ഒന്നാം വർഷ വിദ്യാർഥി ബിൻസ് ജോസിനെ ഇടിമുറിയിലിട്ട് മർദിച്ച് അവശനാക്കി. ഇതൊരു നരഭോജി പ്രസ്ഥാനമാണെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നു
കോട്ടയം ഗവ. നഴ്‌സിംഗ് കോളേജിൽ നടന്നതും അതിക്രൂരമായ റാഗിംഗാണ്. അറസ്റ്റിലായവർ ഇടത് സംഘടനയുടെ ഭാരവാഹികളും എസ് എഫ് ഐ പ്രവർത്തകരുമാണ്. എന്നാൽ പതിവ് പോലെ പാർട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറാനാണ് ശ്രമിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.