ശൈഖ് മുഹമ്മദ് അഞ്ചാമത് ഹോപ് മെയ്‌ക്കേഴ്‌സ് പുരസ്‌കാര പ്രഖ്യാപനം നടത്തി
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഹോപ് മെയ്‌ക്കേഴ്‌സ് പുരസ്‌കാരത്തിന്റെ അഞ്ചാമത് എഡിഷന്‍ പ്രഖ്യാപനം നടത്തി. 10 ലക്ഷം ദിര്‍ഹമാണ് സമ്മാനത്തുക. സമൂഹത്തിന് നല്‍കിയ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് ഏറ്റവും മികച്ച വ്യക്തിക്ക് 2025ല്‍ പുരസ്‌കാരം നല്‍കുക.
വ്യക്തികള്‍ക്ക് സ്വന്തമായി നോമിനേഷന്‍ അയക്കാം. അതുപോലെ വ്യക്തികള്‍ക്ക് മറ്റുള്ളവരുടെ പേരും പുരസ്‌കാരത്തിനായി നിര്‍ദേശിക്കാം. ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെയാണ് മത്സര വിവരം ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചത്.
നമ്മുടെ മേഖലയില്‍ ചിലര്‍ നിരാശയും വിഷാദവുമെല്ലാം പടര്‍ത്താന്‍ ഉത്സാഹിക്കുമ്പോള്‍ അതിനെ ചെറുക്കാന്‍ ആത്മവിശ്വാസവും പ്രതീക്ഷയും വ്യാപിപ്പിക്കാനാണ് ഹോപ് മെയ്‌ക്കേഴ്‌സ് അവാര്‍ഡിലൂടെ ശ്രമിക്കുന്നതെന്നും ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു.
2024ല്‍ ഇറാഖി ഫാര്‍മസിസ്റ്റായ തല അല്‍ ഖലീലിനായിരുന്നു ഹോപ് മെയ്‌ക്കേഴ്‌സ് പുരസ്‌കാരം. അര്‍ബുദം ബാധിച്ച നൂറുകണക്കിന് യുവാക്കളെയും കുട്ടികളെയും മനഃസാന്നിധ്യത്തോടെ ജീവിതത്തോട് പൊരുതാന്‍ പ്രാപ്തമാക്കിയത് പരിഗണിച്ചായിരുന്നു പുരസ്‌കാരം സമ്മാനിച്ചത്. അവാസന റൗണ്ടില്‍ എത്തിയ മറ്റ് മൂന്നുപേര്‍ക്കും 10 ലക്ഷം ദിര്‍ഹം വീതം സമ്മാനമായി നല്‍കിയിരുന്നു.