World
ചെങ്കടലിൽ പവിഴപ്പുറ്റുകൾ കാണാൻ പോയ സിന്ദ്ബാദ് അന്തർവാഹിനി തകർന്നു; ആറ് മരണം, ഇന്ത്യക്കാരടക്കം നിരവധി പേർക്ക് പരുക്ക്

ഈജിപ്തിന്റെ കിഴക്കൻ മേഖലയിൽ ചെങ്കടലിൽ പവിഴപ്പുറ്റുകൾ കാണാൻ പോയ അന്തർവാഹനി കപ്പൻ സിന്ദ്ബാദ് തകർന്നു. അപകടത്തിൽ ആറ് റഷ്യക്കാർ മരിച്ചു. അമ്പത് പേരുമായി കടലിനടിയിലേക്ക് യാത്ര തിരിച്ച അന്തർവാഹനിയാണ് അപകടത്തിൽപ്പെട്ടത്.
റഷ്യ, ഇന്ത്യ, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 45 വിനോദസഞ്ചാരികളും അഞ്ച് ക്രൂ അംഗങ്ങളുമാണ് അന്തർവാഹിനിയിലുണ്ടായിരുന്നത്. 39 പേരെ കടലിൽ നിന്ന് രക്ഷിക്കാനായെന്ന് അധികൃതർ അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആളുകൾ അന്തർവാഹിനിയിലേക്ക് കയറുമ്പോൾ തന്നെ സിന്ദ്ബാദ് മുങ്ങാൻ ആരംഭിച്ചതായും തുറന്ന് കിടന്ന വാതിലിലൂടെ കടൽവെള്ളം അന്തർവാഹനിയിലേക്ക് ഇരച്ചുകയറിയെന്നും രക്ഷപ്പെട്ടവർ അറിയിച്ചു. പവിഴപ്പുറ്റിൽ ഇടിച്ച് പ്രഷർ സംവിധാനം തകർന്നതാണ് അപകടത്തിന് പിന്നിലെന്നും റിപ്പോർട്ടുണ്ട്.