🎶 സോളമന്റെ ഉത്തമഗീതം 🎶❤️: ഭാഗം 11

രചന: റിൻസി പ്രിൻസ്
” മോളെ സോളമന്റെ ക്യാബിനാ
” ആളും ഡോക്ടർ ആണോ ആന്റി…? അമ്പരപ്പോടെ അവൾ ചോദിച്ചു…
” അയ്യോ അത് മോൾക്ക് അറിയില്ലായിരുന്നു അല്ലേ..?
ഞാനത് പറയാൻ വിട്ടുപോയി, അവൻ ഡോക്ടർ ആണ്…
രണ്ടുവട്ടം അവർ ഡോറിൽ തട്ടിയപ്പോഴാണ് അകത്തു നിന്നും ഒരു നേഴ്സ് ഇറങ്ങി വന്നത്. അമലേ കണ്ടതും അവർ പരിചയ ഭാവത്തിൽ ഒന്ന് ചിരിച്ചിരുന്നു..
” അകത്ത് പേഷ്യൻസ് ഉണ്ടോ മോളെ…?
” ഒരാളും കൂടി ഉണ്ട്, ഇപ്പൊൾ സാർ ഇറങ്ങും മേടം..
അവർ ചിരിയോടെ പറഞ്ഞു,
” എങ്കിൽ ഞങ്ങൾ വെയിറ്റ് ചെയ്യാം…
അവിടെയുള്ള കസേരയിൽ ഇരുന്നുകൊണ്ട് അമല പറഞ്ഞു. കുറച്ച് സമയങ്ങൾക്ക് ശേഷം അവസാന പേഷ്യന്റും റൂമിൽ നിന്നും ഇറങ്ങിപ്പോയ സമയത്ത് തന്നെ നേരിട്ട് മുറിയിൽ നിന്നും സോളമൻ ഇറങ്ങി വന്നു. അമലയെയും ഒപ്പം മരിയയെയും കണ്ടതോടെ ചിരിയോടെ അവൻ അവർക്ക് അരികിലുള്ള കസേരയിലേക്ക് ഇരുന്നു.. ഒരു ബ്ലൂ കളറിലെ ഫുൾ സ്ലീവ് ഷർട്ടും പാന്റ്സും ആണ് അവന്റെ വേഷം. ഇൻസേർട്ട് ചെയ്തിരിക്കുകയാണ്. ഒരു സ്പെക്സും വച്ചിട്ടുണ്ട്. വീട്ടിൽ വച്ച് കണ്ടപ്പോഴൊക്കെ അവൻ സാധാരണ ഒരു ടീഷർട്ടും ജീൻസും ഇട്ടാണ് കണ്ടിട്ടുള്ളത്. ഇങ്ങനെ ഒരു വേഷത്തിൽ അവനെ കാണുമ്പോൾ തന്നെ ഒരു ഡോക്ടർ ആണെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. അവൾ തന്നെ നോക്കുന്നത് മനസ്സിലാക്കിയാവും അമല കാണാതെ ഒരു കണ്ണ് ഇറക്കി ചിരിച്ചു കാണിച്ചിരുന്നു സോളമൻ. ആ നിമിഷം തന്നെ യാഥാർത്ഥ്യത്തിലേക്ക് വന്ന മരിയ അവന്റെ മുഖത്ത് നിന്നും ദൃഷ്ടി മാറ്റി,
” മമ്മയെന്താ പതിവില്ലാതെ ഹോസ്പിറ്റലിലേക്ക്…
അമലയുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു..
” ഞങ്ങൾ രണ്ടുപേരുംകൂടി മരിയയുടെ അഡ്മിഷന്റെ കാര്യം ശരിയാക്കാൻ വേണ്ടി വന്നത് ആണ്…
“ഇവിടെയാണോ അഡ്മിഷൻ ശരിയാക്കിയിരിക്കുന്നത്..?
കണ്ണുകളിൽ നിറഞ്ഞ തിളക്കത്തോടെ അവൻ ചോദിച്ചപ്പോൾ അമല അതെ എന്ന് മറുപടി പറഞ്ഞിരുന്നു.. ആ നിമിഷം മരിയെ അവൻ ഒന്ന് സൂക്ഷിച്ചു നോക്കി. അവൾ ഇപ്പോഴും മിഴികളെ പിടിച്ചു കെട്ടി നിൽക്കുകയാണ് തന്റെ മുഖത്തേക്ക് അറിയാതെപോലും ഒന്ന് നോക്കാതെ… ആ നിൽപ്പ് കണ്ടതും അവർ ചിരി വന്നു പോയിരുന്നു.
“അഡ്മിഷന്റെ കാര്യങ്ങളൊക്കെ ശരിയാക്കിയോ
അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ അവൾ അതെന്ന അർത്ഥത്തിൽ തലയാട്ടിയിരുന്നു..
” അതിപ്പോ ലാഭായല്ലോ…
അവൻ ആത്മഗതം പറഞ്ഞത് കുറച്ച് ഉച്ചത്തിൽ ആയിപ്പോയി, അമല സൂക്ഷിച്ച് അവനെ നോക്കി
“എന്താ നീ പറഞ്ഞത്..?
വ്യക്തമായി കേൾക്കാത്തത് കൊണ്ട് തന്നെ അമല ഒരിക്കൽ കൂടി അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“അത് പിന്നെ വൈകുന്നേരം ലാലിനെ കാണണമെന്ന് പറഞ്ഞത് ആണ്. എന്റെ ഫ്രണ്ട് ലാൽജി
വക്കി തപ്പി അവൻ മറുപടി പറഞ്ഞപ്പോൾ അവന്റെ മുഖത്തേക്ക് കൂർപ്പിച്ചു ഒന്ന് മരിയ നോക്കിയിരുന്നു. അമല കാണാതെ അവളെ നോക്കി ഒന്ന് മീശ പിരിച്ചു അവൻ,
” ഉച്ചയ്ക്കുശേഷം നിനക്ക് ഡ്യൂട്ടി ഉണ്ടോ..? ഞങ്ങളെ കാന്റീനിലേക്ക് പോവുകയായിരുന്നു.
“എനിക്ക് ഇന്ന് ഇനി ഡ്യൂട്ടി ഇല്ല മമ്മി, ഞാൻ ഇറങ്ങാൻ നിൽക്കുകയായിരുന്നു ഞാനും ഒന്നും കഴിച്ചിട്ടില്ല നമുക്ക് ഒരുമിച്ച് കഴിക്കാം കാന്റീനിലേക്ക് പോകാം, ഞാനും വരാം
ഉത്സാഹത്തോടെ അവൻ പറഞ്ഞപ്പോൾ അമലയത് സമ്മതിച്ചിരുന്നു. പക്ഷേ മരിയയിൽ അപ്പോഴും നിറഞ്ഞുനിന്നത് പരിഭ്രമം തന്നെയായിരുന്നു.
“നിങ്ങൾ ക്യാന്റീനിലേക്ക് നടന്നോ, ഞാൻ ബാഗ് എടുത്തുകൊണ്ട് അവിടേക്ക് വരാം,
സോളമൻ പറഞ്ഞപ്പോൾ അമല അത് സമ്മതിച്ചു.. അധികം സമയം അവരെ കാത്തിരിപ്പിക്കാതെ തന്നെ സോളമനും കാന്റീനിലേക്ക് എത്തി. അവർ സോളമനെ കണ്ടപ്പോഴേക്ക് അവർക്ക് ഇരിക്കാൻ പ്രത്യേകമായ ഒരു കോർണർ നൽകി. ഡോക്ടർസിന് മാത്രം ഭക്ഷണം കഴിക്കാനുള്ള ഒരു കോർണർ ആണ് അത് എന്ന് മരിയ്ക്ക് മനസ്സിലായിരുന്നു.
“എന്തുവേണം കഴിക്കാൻ…?
അവരോട് ആയി അവൻ ചോദിച്ചു.
“എനിക്ക് ചപ്പാത്തിയും സലാടും മതി, വേറൊന്നും വേണ്ട. മോൾക്ക് എന്താ വേണ്ടത്..?
അമല മരിയയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു..
” എനിക്ക് എന്താണെങ്കിലും കുഴപ്പമില്ല ആന്റി
അവൾ പറഞ്ഞു…
“അങ്ങനെ പറഞ്ഞാൽ പറ്റില്ല, എന്താണെന്ന് പറ. അത് തന്നെ വാങ്ങാം.
സോളമൻ വിടാനുള്ള ഭാവമില്ലാതെ പറഞ്ഞു.
” എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങൾ ഒന്നുമില്ല…
അവന്റെ മുഖത്തേക്ക് നോക്കാതെയാണ് അവൾ പറഞ്ഞത്. അവളുടെ ഓരോ മറുപടിയിലും ആ വിഷാദം നിറഞ്ഞ കണ്ണുകളിലേക്ക് ആയിരുന്നു അവന്റെ ശ്രദ്ധ പോയത്.
“മോൾക്ക് സാധാരണ ഇഷ്ടമുള്ള എന്താണെന്ന് വെച്ചാൽ അത് പറ
അമല കൂടി നിർബന്ധിച്ചപ്പോൾ ഇനിയും ഒന്നും പറയാതിരിക്കുന്നത് മോശമാണെന്ന് അവൾക്ക് തോന്നി.
” എനിക്ക് ചോറ് മതി ആന്റി,
അൽപ്പം മടിയോടെയാണെങ്കിലും അവൾ പറഞ്ഞു.
“ഇവിടെ കേരള റൈസ് കിട്ടില്ല. പിന്നെ തമിഴമാരുടെ ചോറ് ഇഷ്ടമാകുമെന്നും അറിയില്ല. അതുകൊണ്ട് ബിരിയാണി പറയട്ടെ…?
അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.. അവൾ തലയാട്ടിയിരുന്നു
“അണ്ണാ രണ്ടു ചിക്കൻ ബിരിയാണി ഒരു സെറ്റ് ചപ്പാത്തി വെജിറ്റബിൾ സാലഡ്,
അവൻ വിളിച്ചു പറഞ്ഞപ്പോൾ തലയാട്ടിക്കൊണ്ട് സപ്ലയർ അകത്തേക്ക് പോയിരുന്നു. ആ നിമിഷമത്രയും അവളെ തന്നെ നോക്കിനിൽക്കുകയായിരുന്നു സോളമൻ. ഇടയ്ക്ക് മൊബൈൽ എടുത്ത് സ്ക്രോൾ ചെയ്യുന്നുണ്ടെങ്കിലും നോട്ടം മുഴുവൻ അവളിലാണ്. അമല എന്തോ പറയുമ്പോൾ പരിഭ്രമത്തോടെ ഷോൾ കൊണ്ട് മുഖം ഒപ്പന്നുണ്ട്. ഷോളൊക്കെ പിൻ ചെയ്ത് ഇട്ടിരിക്കുന്ന അവളെ തന്നെയാണ് എല്ലാവരും നോക്കുന്നത് എന്നത് അവനും ശ്രദ്ധിച്ചു. ബിരിയാണി വന്നതും അവൻ തന്നെയാണ് അവൾക്കും വിളമ്പി കൊടുത്തത്. അമലയും ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ അറിയാത്ത എന്നതുപോലെ അവൻ വെറുതെ അവളുടെ കാലിൽ ഒന്ന് തോണ്ടിയിരുന്നു. ആ നിമിഷം തന്നെ അവൾ പരിഭ്രമത്തോടെ അവനെ ഒന്നു നോക്കി. ഒന്നുമറിയാത്തതു പോലെ ഇരുന്ന് അവൻ ഭക്ഷണം കഴിക്കുകയാണ്. അവൾ കാല് അല്പം മാറ്റിവെച്ചു. ഒപ്പം നീങ്ങി ഇരിക്കുകയും ചെയ്തു. അത് കാണെ വീണ്ടും ചിരി വന്നിരുന്നു. അവിടെ കൊണ്ടും കുസൃതി അവസാനിപ്പിക്കാൻ തീരുമാനിച്ചില്ല സോളമൻ, വെള്ളം എടുക്കാൻ ആയി ചെന്നവൻ അറിഞ്ഞുകൊണ്ടു തന്നെ അവളുടെ കൈയിൽ നന്നായി ഒന്ന് തൊട്ടിരുന്നു. അവൾ നോക്കിയ നിമിഷം അറിയാത്തത് പോലെ വെള്ളം ഒഴിച്ച് കുടിച്ചു.. അവളുടെ മുഖത്തെ പരിഭ്രമം കാണ അവന് ചിരിയും വന്നു. പരിഭവം കാരണം കയ്യിലിരിക്കുന്ന തൂവാല കൊണ്ട് ഇടയ്ക്കിടെ മുഖമൊപ്പുന്നുണ്ട് അവൾ.
ഭക്ഷണം കഴിച്ച് കഴിഞ്ഞതും അമല സണ്ണിയെ വിളിച്ചു. ഉറങ്ങാൻ താമസിക്കും എന്നും ഒരു ഓട്ടോ പിടിച്ച് പൊയ്ക്കോളാനും സണ്ണി പറഞ്ഞു. സണ്ണി പറഞ്ഞ കാര്യം അമല സോളമനോട് പറഞ്ഞപ്പോൾ ഒരുമിച്ചു പോകാം എന്ന് സോളമൻ ആണ് പറഞ്ഞത്.
പാർക്കിങ്ങിൽ സോളമന്റെ കാറിന് അരികിലേക്ക് പോകുമ്പോൾ മരിയുടെ ഹൃദയം വല്ലാതെ ഇടിക്കുന്നുണ്ടായിരുന്നു. അവൻ അരികിൽ നിൽക്കുമ്പോൾ മാത്രം ഒരു പരിഭ്രമം തന്നെ മൂടുന്നത് എന്താണ് എന്ന് അവൾ ചിന്തിച്ചു. ഒരുപക്ഷേ അവന്റെ പ്രവർത്തികൾ കൊണ്ടായിരിക്കാം, എങ്കിലും അവൻ അരികിൽ വരുമ്പോൾ നെഞ്ചിന്റെ ഉള്ളിൽ ആരോ പഞ്ചാരിമേളം മുഴക്കുന്ന ഒരു ഫീൽ ആണ്. ഡയറി മിൽക്ക് ചോക്ലേറ്റിന്റെ ഗന്ധമുള്ള പെർഫ്യൂം ആണ് അവൻ അടിക്കുന്നത്. അവൻ അരികിൽ വരുമ്പോഴെല്ലാം ആ ചോക്ലേറ്റിന്റെ മണമാണ് അവനിൽ നിന്നും വമിക്കുന്നത്. അങ്ങോട്ടുള്ള യാത്രയിൽ അമലയോടെ എന്തൊക്കെയോ കുസൃതികൾ പറഞ്ഞ് ചിരിക്കുന്ന അവന്റെ മുഖത്തേക്ക് തന്നെ അവൾ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. ഭംഗിയായി ഡ്രിം ചെയ്ത് ഒതുക്കി ഹെയർ ജെൽ തേച്ചു വച്ച മുടിയാണ്. ഷേപ്പിന് വെട്ടിയൊതുക്കിയ താടിയും മീശയും. ചിരിക്കുന്ന സമയത്ത് കവിളിൽ ഒരു നുണക്കുഴി വിരിയാറുണ്ട്. എന്നാൽ അതിനെ മറച്ചുകൊണ്ട് ദീക്ഷ അവിടെ ഇടം പിടിച്ചിരിക്കുന്നു. കട്ടിയുള്ള പുരികങ്ങളും നീണ്ട പീലികൾ ഉള്ള കാപ്പിപ്പൊടി കണ്ണുമാണ്. റോസ് നിറമുള്ള ചുണ്ടുകൾക്ക് ഒരു പ്രത്യേക ഭംഗി ചിരിക്കുമ്പോഴാണ്. തൂവെള്ള നിറമുള്ള ദന്തങ്ങൾ നിരയൊത്ത് ഇരിക്കുകയാണ്. ആകപ്പാടെ ആര് കണ്ടാലും കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന ഒരു പുരുഷ സൗന്ദര്യം.കൈയ്യിൽ നിറയെ രോമങ്ങൾ ആണ്. ആ രോമങ്ങളെ ആവരണം ചെയ്ത് കറുത്ത റബർ പോലെയുള്ള ഒരു ബ്രേസ്‌ലെറ്റുണ്ട്. അതിന് നടുവിലായി ഒരു സിൽവർ കുരിശ് ആലേഖനം ചെയ്തിട്ടുണ്ട്. ഇടം കയ്യിൽ സിൽവർ നിറത്തിലുള്ള വീതിയുള്ള ഒരു വാച്ചാണ് കെട്ടിയിരിക്കുന്നത് അതിങ്ങനെ കൈയും മൂടി കിടക്കുകയാണ്. സച്ചിൻ ചെയിന്റെ സിൽവർ നിറത്തിലുള്ള ഒരു മാലയും അതിൽ കുരിശുമാണ് കഴുത്തിൽ കിടക്കുന്നത്. അതിനോടൊപ്പം തന്നെ കറുത്ത ചരടിന്റെ ഒരു കൊന്തയും. ഒരു കാത് കുത്തിയിട്ടുണ്ട്. കറുത്ത നിറത്തിലുള്ള റിങ് കമ്മൽ ആണ് ഇട്ടിരിക്കുന്നത്. ചിരിക്കുമ്പോഴാണ് നുണക്കുഴി തെളിയുന്നത്. ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടയിൽ കണ്ണാടിയിൽ കൂടി പുരികം പൊക്കി എന്താ എന്ന് അവൻ ചോദിച്ചപ്പോഴാണ് ഇത്രയും നേരം താൻ അവനെ തന്നെ നോക്കി ഇരിക്കുകയാണ് എന്ന് മരിയ ഓർത്തത്… ഒരു നിമിഷം അവൾക്ക് വല്ലാത്ത ജാള്ള്യത തോന്നിയിരുന്നു. ഒന്നുമില്ല എന്ന് അവൾ തല അനക്കി. തിരികെ എല്ലാം മനസ്സിലായി എന്ന രീതിയിൽ അവൻ ഒന്ന് ചിരിച്ചു കാണിച്ചിരുന്നു. അത് കണ്ടതോടെ അവളിൽ വീണ്ടും പരിഭ്രമം നിറഞ്ഞു. പുറത്തേക്കാഴ്ചകളിലേക്ക് അവൾ മിഴി നട്ടു. എത്രത്തോളം ശ്രദ്ധിച്ചിട്ടും മറ്റു കാഴ്ചകൾ ഒന്നും തന്നെ കണ്ണുകളെ് ഭ്രമിപ്പിക്കുന്നില്ല എന്ന് അവൾക്ക് മനസ്സിലായി. അറിയാതെയെങ്കിലും മിഴികൾ തേടി ചെല്ലുന്നത് മുൻപിൽ ഇരിക്കുന്ന ഒരുവനെ തന്നെയാണ്. പലവട്ടം നിയന്ത്രിച്ചിട്ടും അറിയാതെ മിഴികൾ അവനിലേക്ക് പാറിപ്പോകുന്നു. ഇടയ്ക്കിടെ നോട്ടം പരസ്പരം ഉടക്കും. ആ നിമിഷം അവന് മുഖം നൽകാതെ പെട്ടെന്ന് പുറത്തേക്ക് നോട്ടം മാറ്റും. അവളുടെ ഒളിച്ചുകളിയിൽ അവനും ഒരു ഹരം തോന്നി.
ഫ്ലാറ്റിലേക്ക് ചെന്നപ്പോൾ തന്നെ താഴെ ഉണ്ടായിരുന്ന സീതമ്മ അമലയോട് കുശലം ചോദിക്കാൻ തുടങ്ങി.. അത് കുറേസമയം നിൽക്കുമെന്ന് സോളമന് അറിയാമായിരുന്നു, അവൻ അമലയുടെ കയ്യിൽ നിന്നും താക്കോൽ വാങ്ങി മുകളിലേക്ക് നടന്നു… നടക്കുന്നതിനിടയിൽ അവൻ തിരിഞ്ഞൊന്ന് മരിയയെ നോക്കി. അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ അമലക്കൊപ്പം തന്നെ നിൽക്കുകയാണ്. കണ്ടപ്പോൾ അവന് പാവം തോന്നി
“ഹലോ മമ്മി ഇനി വരാൻ ഏതായാലും ഒരു ഒന്നൊന്നര മണിക്കൂർ എടുക്കും, താൻ അവിടെ നിന്ന് പോസ്റ്റാകും
അമല കൂടി കേൾക്കത്തക്ക രീതിയിൽ അവൻ വിളിച്ചു പറഞ്ഞു. മറുപടിക്ക് വേണ്ടി അവൾ അമലയെ നോക്കി, പൊയ്ക്കോളാൻ കണ്ണുകൾ കൊണ്ട് അമല അനുവാദം നൽകിയതും അവന് പിന്നാലെ അവളും മുകളിലേക്ക് നടന്നിരുന്നു. താക്കോലിട്ട് ഡോർ തുറന്നത് സോളമൻ തന്നെയായിരുന്നു… ഡോർ തുറന്നതും അവൻ സെറ്റിയിലേക്ക് ഇരുന്നു. മുറിയിലേക്ക് പോകാൻ തുടങ്ങിയവളെ അവൻ പിന്നിൽ നിന്നും വിളിച്ചു.
“അതെ കുടിക്കാൻ കുറച്ചു വെള്ളം തരുമോ,
അവൻ ചോദിച്ചതും തരാം എന്ന് അവൾ തലയാട്ടി അടുക്കളയിലേക്ക് പോയി. വെള്ളം എടുത്ത് തിരിഞ്ഞതും തൊട്ടു പുറകിൽ സോളമൻ. ഒരു നിമിഷം അവൾ പരിഭ്രമിച്ചു പോയിരുന്നു. അത്രയും അരികിലാണ് അവൻ നിൽക്കുന്നത്. അവൾ ഗ്ലാസ് അവന് നേരെ നീട്ടി അത് വാങ്ങിയിട്ടും അവൻ അരികിൽ നിന്നും മാറുന്നില്ലന്നറിഞ്ഞ നിമിഷം അവളിൽ ഭയം ഉടലെടുത്തിരുന്നു.
“ബൈബിൾ നോക്കിയിരുന്നോ..?
അവളുടെ അരികിലേക്ക് മുഖമടിപ്പിച്ചുകൊണ്ട് അവൻ ചോദിച്ചു………കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…