കർണാടകയിൽ പ്രേതബാധ ആരോപിച്ച് മകനും മന്ത്രവാദിയും ചേർന്ന് അമ്മയെ മർദിച്ചു കൊന്നു

പ്രേതബാധ ആരോപിച്ച് കർണാടകയിൽ അമ്മയെ മകൻ അടിച്ചുകൊന്നു. ഗീതമ്മ എന്ന 55കാരിയാണ് കൊല്ലപ്പെട്ടത്. അമ്മയുടെ ദേഹത്ത് ബാധ കയറിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് സഞ്ജയ് പൂജ ചെയ്യാൻ ആശ എന്ന സ്ത്രീക്ക് അടുത്തേക്ക് അവരെ കൊണ്ടുപോയിരുന്നു.
പിന്നീട് ആശയും ഭർത്താവ് സന്തോഷും ബാധ ഒഴിപ്പിക്കാനെന്ന പേരിൽ മർദ്ദനം ആരംഭിക്കുകയായിരുന്നു. ക്യാമറയിൽ റെക്കോർഡ് ചെയ്യപ്പെട്ട ഈ ആക്രമണം രാത്രി 9:30 ഓടെ ആരംഭിച്ച് പുലർച്ചെ 1:00 വരെ തുടർന്നുവെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ മകൻ സഞ്ജയ്ക്കെതിരെയും ബാധ ഒഴിപ്പിക്കാനെന്ന പേരിൽ എത്തിയ രണ്ടുപേർക്കെതിരെയും പോലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി ശിവമോഗയിലാണ് സംഭവമുണ്ടായത്. ഗീതമ്മയെ നിലത്ത് വലിച്ചിഴക്കുന്നതിന്റെയും തലയിലടക്കം അടിക്കുന്നതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്.
വടി കൊണ്ട് ആവർത്തിച്ച് മർദിക്കുന്നതും ഇതിനിടയിൽ ഗീതമ്മ രക്ഷപ്പെടാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. തുടർച്ചയായ മർദനത്തിനൊടുവിൽ ഗീതമ്മ മരിക്കുകയായിരുന്നു. സഞ്ജയ്, ആശ, സന്തോഷ് എന്നിവരുൾപ്പെടെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.