Kerala

മകന്‍ ജയിലില്‍; സഹിക്കാന്‍ കഴിയുന്നില്ലെന്ന് അമ്മ: അമ്മയെ കുത്തിയ കേസില്‍ മകന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മകന്‍ ജയിലില്‍ കിടക്കുന്നത് സഹിക്കാന്‍ കഴിയുന്നില്ലെന്ന് അമ്മ കോടതിയെ അറിയിച്ചതോടെ മകന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. പുതുവത്സരാഘോത്തിന് പണം നല്‍കാത്തതിനായിരുന്നു 25കാരനായ മകന്‍ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. മകന്റെ ആക്രമണത്തില്‍ മുഖത്തും കൈയിലും അടക്കം അമ്മയ്ക്ക് പന്ത്രണ്ടിലധികം മുറിവുകളുണ്ടായിരുന്നു.

വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു യുവാവിനെതിരെ പൊലീസ് കേസെടുത്തത്. ജനുവരി ഒന്നാം തീയതി മുതല്‍ ജയിയിലാണെന്നതടക്കം ചൂണ്ടിക്കാട്ടി യുവാവ് ജാമ്യാപേക്ഷ നല്‍കിയിരുന്നു. പരാതിയില്ലെന്ന് അമ്മ പറഞ്ഞാല്‍ മാത്രമേ ജാമ്യം അനുവദിക്കൂ എന്നായിരുന്നു കോടതിയുടെ നിലപാട്. ഇതിന് പിന്നാലെ മകന് ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ സത്യവാങ്മൂലം ഫയല്‍ ചെയ്തു.

കാര്യം അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥനോട് മകന്‍ ജയിലില്‍ കിടക്കുന്നത് അമ്മ എന്ന നിലയില്‍ സഹിക്കാന്‍ കഴിയുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്. ദൗര്‍ഭാഗ്യവതിയായ അമ്മയുടെ കണ്ണീരുകലര്‍ന്ന വാക്കുകള്‍ എന്ന് പറഞ്ഞ് യുവാവിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മാതാവ് പരാതി ഉന്നയിച്ചാല്‍ യുവാവിന്റെ ജാമ്യം റദ്ദാക്കാമെന്നും കോടതി വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!