Sports

അച്ഛന്റെ മകനായി ജനിക്കുകയെന്ന് പറഞ്ഞാല്‍ ഇതാണ്..; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ജൂനിയര്‍ സെവാഗ്

മൂന്ന് റണ്‍സിന് ട്രിപ്പിള്‍ സെഞ്ച്വറി നഷ്ടമായെങ്കിലും ആര്യവീറിന്റേത് ഗംഭീര പ്രകടനം

ഷില്ലോങ്: ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ത്രസിപ്പിച്ച ബാറ്ററാണ് വീരേന്ദ്ര സെവാഗ്. സെവാഗിന്റെ വിരമിക്കലിന് ശേഷം ആ സ്‌പേയ്‌സ് ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. എന്നാല്‍, ഭാവിയില്‍ ആ ഇടം നികത്താന്‍ പ്രാപ്തനായ ഒരാള്‍ വരുന്നുണ്ടെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതും സെവാഗിന്റെ ചോരയില്‍ പിറന്നവന്‍. പേര് ആര്യവീര്‍ സെവാഗ്.

ബിസിസിഐയുടെ അണ്ടര്‍ 19 ടൂര്‍ണമെന്റായ കൂച്ച് ബെഹാര്‍ ട്രോഫി ചാമ്പ്യന്‍ഷിപ്പിലെ തകര്‍പ്പന്‍ ഇന്നിങ്സോടെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുകയാണ് ആര്യവീര്‍ സെവാഗ്. മേഘാലയക്കെതിരായ മത്സരത്തില്‍ പക്ഷേ വെറും മൂന്ന് റണ്‍സ് അകലെയാണ് ആര്യവീറിന് ട്രിപ്പിള്‍ സെഞ്ചുറി നഷ്ടമായത്.

ഇന്ത്യയ്ക്കായി ട്രിപ്പിള്‍ സെഞ്ചുറി നേടിയ ആദ്യ താരമായ സെവാഗിന്റെ മകന്റെ ഗംഭീര ഇന്നിംഗ്‌സ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നുണ്ട്. മറ്റൊരു സെവാഗിനുള്ള മരുന്ന് ആര്യവീറിലുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അച്ഛന്റെ അതേ ശൈലിയില്‍ ആക്രമണ ബാറ്റിങ്ങാണ് ആര്യവീറിന്റെ പക്കലുള്ളത്. ഡല്‍ഹിക്ക് വേണ്ടി ക്രീസിലിറങ്ങിയ ആര്യവീര്‍ 309 പന്തില്‍ നിന്ന് മൂന്ന് സിക്സും 51 ഫോറുമുള്‍പ്പെടെ 297 റണ്‍സടിച്ചെടുത്തു. മൂന്ന് റണ്‍സ് കൂടെ കിട്ടിയിരുന്നെങ്കില്‍ ട്രിപ്പിള്‍ സെഞ്ച്വറിയും 23 റണ്‍സ് കൂടി നേടാനായിരുന്നെങ്കില്‍ അച്ഛന്റെ റെക്കോഡും ആര്യവീറിന് മറികടക്കാമായിരുന്നു. തന്റെ റെക്കോര്‍ഡ് മറികടക്കുകയാണെങ്കില്‍ മകന് ഫെറാറി കാറും അച്ഛന്‍ ഓഫര്‍ ചെയ്തിരുന്നു. അതിനാല്‍ ഫെറാറിയും തന്റെ മകന് നഷ്ടമായെന്ന് സെവാഗ് തമാശ രൂപേണ പറഞ്ഞു.

Related Articles

Back to top button