സമ്പത്തില്‍ അംബാനിയെ മലര്‍ത്തിയടിച്ച സ്പാനിഷ് ഡെലിവറി ബോയ്
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നര്‍ ആരെല്ലാമാണെന്ന് പട്ടിക തിരിച്ച് പ്രസിദ്ധീകരിക്കുന്ന ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയില്‍ ഇന്ത്യന്‍ വ്യവസായി സാക്ഷാല്‍ മുകേഷ് അംബാനിയെ മലര്‍ത്തിയിടിച്ച് താരമായിരിക്കുകയാണ് സ്പാനിഷ് ഡെലിവറി ബോയ്.
ഡെലിവറി ബോയ് എന്ന് കേള്‍ക്കുമ്പോള്‍ ഒരു പയ്യനാണെന്നെന്നൊന്നും വിചാരിച്ചേക്കരുത്. ബ്ലൂംബെര്‍ഗ് പട്ടിക പ്രകാരം, സ്പാനിഷ് വ്യവസായി അമാന്‍സിയോ ഒര്‍ട്ടഗ റൊസാലിയോ മേരക്ക് ഏകദേശം 130.1 ബില്യണ്‍ ഡോളര്‍ ആസ്തിയാണുള്ളത്.
കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ ആസ്തിയില്‍ 2.3 ബില്യണ്‍ ഡോളറിന്റെ വര്‍ധനവ് പെട്ടെന്ന് സംഭവിച്ചതാണ് അംബാനിക്ക് ഉയരെ എത്താന്‍ ഇദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഇതോടെ അമാന്‍സിയോയെ കോടീശ്വര പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേയ്ക്ക് എത്തുകയായിരുന്നു. അംബാനിയുടെ ആസ്തി 114.6 ബില്യണ്‍ ഡോളറാണ്. ബ്ലൂംബെര്‍ഗ് പട്ടികയിലും ഫോബ്‌സ് പട്ടികയിലും 11ാം സ്ഥാനത്തായിരുന്നു അംബാനി ഇപ്പോള്‍ 12ാം സ്ഥാനത്താണുള്ളത്.
സ്‌പെയിനിലെ ഗാലിക്‌സോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌സ്റ്റൈല്‍ ഡിസൈന്‍ ഇന്റെസ്ട്രിയാണ് അമാന്‍സിയോ ഒര്‍ട്ടഗയുടേത്. സ്പെയിന് പുറത്ത് യുഎസ്, യൂറോപ്പ് തുടങ്ങിയ വന്‍കരകളിലും ഇതര ഭൂഖണ്ഡങ്ങളിലെ പ്രമുഖ രാജ്യങ്ങളിലും ഈ വ്യവസായ സംരംഭത്തിന് ശക്തമായ സാന്നിധ്യമുണ്ട്. കമ്പനിയുടെ മുന്‍നിര ബ്രാന്റ് സാറ ആണ്. സാറ ഹോം, ബെര്‍ഷ്‌ക, മസ്സിമോ ഡുട്ടി, ഒയിഷോ, പുള്‍ ആന്റ് ബിയര്‍, സ്ട്രാഡിവാരിയസ്, ഉട്ടെര്‍ക്വ് തുടങ്ങിയവയെല്ലാം ഇവരുടെ ബ്രാന്റുകളാണ്. വിവിധ രാജ്യങ്ങളിലെ 93 മാര്‍ക്കറ്റുകളിലായി 7,200 സ്റ്റോറുകളാണ് ഇന്‍ഡിടെക്‌സിനുള്ളത്.
റെയില്‍വേയില്‍ കൂലിപ്പണി ചെയ്തിരുന്ന ഒരു സാധാരണക്കാരന്റെ മകനായാണ് ജനിച്ചത്. ജീവിത പ്രാരാബ്ധങ്ങള്‍ ഡെലിവറി ബോയിയുടെ കുപ്പായമണിയിച്ചു. ഒരു തുണിക്കടയില്‍ ജോലി ചെയ്ത പരിചയത്തില്‍ നിന്നായിരുന്നു അദ്ദേഹം തന്റെ ജീവിതം കെട്ടിപ്പടുത്തത്.
ആ വളര്‍ച്ച റീട്ടെയില്‍ മേഖലയിലെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിലയിലേക്കു ഉയര്‍ത്തി. 1985ല്‍ ഒര്‍ട്ടഗ ഇന്‍ഡിടെക്‌സ് സ്ഥാപിച്ചു. 2011ല്‍ അദ്ദേഹം ബിസിനസുകള്‍ മകള്‍ക്ക് കൈമാറിയെങ്കിലും അമാന്‍സിയോ 88ാം വയസിലും ഏറെ കര്‍നിരതനാണെന്നതിന്റെ തെളിവാണ് പട്ടികയിലെ ഒമ്പതാം സ്ഥാനം.
ലോകത്തിലെ ഏറ്റവും വലിയ റീട്ടെയില്‍ കമ്പനിയായ ഇന്‍ഡിടെക്‌സില്‍ 59 ശതമാനം ഓഹരി പങ്കാളിത്തം ഇന്നും അദ്ദേഹത്തിന്റേതാണ്.
അമാന്‍സിയോയ്ക്കും അംബാനിക്കും ഇടയില്‍ നിലവില്‍ പട്ടികയില്‍ രണ്ടു പേരാണുള്ളത്. ഇത് ഗൂഗിളിന്റെ സെര്‍ജി ബ്രെയിനും (129.2 ബില്യണ്‍ ഡോളര്‍), മൈക്രോസോഫ്റ്റിന്റെ സ്റ്റീവ് ബാള്‍മറും (127.3 ബില്യണ്‍ ഡോളര്‍) ആണ്. 260 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഇലോണ്‍ മസ്‌ക് തന്നെയാണ് ഇപ്പോഴും ആഗോള കോടീശ്വരന്‍മാരില്‍ ഒന്നാമത്. 207.5 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് രണ്ടാമതും, 204.3 ബില്യന്‍ ആസ്തിയുമായി ലാറി എല്ലിസണ്‍ മൂന്നാമതുമാണ്. 193.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മെറ്റയുടെ മാര്‍ക്ക് സുക്കര്‍ ബര്‍ഗ് നാലാമതുമായാണ് പട്ടികയില്‍ ഇടം കണ്ടെത്തിയിരിക്കുന്നത്.