മെസിയും അർജന്റീന ടീമും കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായിക മന്ത്രി; എതിർ ടീം ആരെന്ന് ഉടൻ അറിയാം

ലയണൽ മെസിയും അർജന്റീന ടീമും കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാൻ. മെസിക്കും ടീമിനും കളിക്കാൻ കേരളത്തിൽ സൗകര്യങ്ങളുണ്ട്. സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മെസി കേരളത്തിലേക്ക് വരും. അതിലൊരു സംശയവും വേണ്ട.
അനാവശ്യ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. വിവാദമുണ്ടാക്കേണ്ട കാര്യമില്ല. ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ അർജന്റീന കേരളത്തിൽ എത്തും. എതിർ ടീമിനെ സംബന്ധിച്ച് ഒരാഴ്ചക്കുള്ളിൽ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി താൻ ബന്ധപ്പെട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു. ഉദ്ദേശിച്ച രീതിയിൽ പണമടച്ചാൽ കളി നടക്കുമെന്നാണ് അവർ പറഞ്ഞത്. പണം അടയ്ക്കുമെന്ന് സ്‌പോൺസറും വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ നിശ്ചയിച്ച സമയത്ത് കളി നടക്കുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.