നക്ഷത്ര ചിഹ്നമുള്ള ചോദ്യം: നിയമസഭയിൽ പ്രതിപക്ഷ ബഹളം, ചട്ടലംഘനമില്ലെന്ന് സ്പീക്കർ
നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ ചോദ്യോത്തര വേളയിൽ ബഹളം. പ്രതിപക്ഷത്ത് നിന്നുള്ള 45 നക്ഷത്ര ചിഹ്നം ഇട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിൽ പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിച്ചു. സംസഥാന രാജ്യ താത്പര്യം മുൻനിർത്തിയുള്ള ചോദ്യങ്ങൾ അപ്രധാനമാക്കി. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം ഇല്ലാതാക്കിയെന്നും വിഡി സതീശൻ വിമർശിച്ചു
എന്നാൽ സഭയിൽ ചോദ്യം ചോദിക്കുന്നതുവരെ ചോദ്യം പ്രസിദ്ധപ്പെടുത്താനാകില്ലെന്നാണ് ചട്ടമെന്ന് സ്പീക്കർ ഓർമിപ്പിച്ചു. ചട്ടലംഘനം ഇല്ലെന്നും അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളെന്ന നിലയിലാണ് നക്ഷത്ര ചിഹ്നമില്ലാത്തവ ആക്കിയതെന്നും മറുപടി പറഞ്ഞു.
സഭാ ചട്ടം അനുസരിച്ച് സ്പീക്കർക്ക് വിവേചനാധികാരമുണ്ട്. കാരണം വിശദീകരിക്കേണ്ടതില്ലെന്നും സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. തുടർന്നും സതീശൻ ഇതേ വിഷയം ഉന്നയിച്ചെങ്കിലും മറുപടി നൽകാതെ സ്പീക്കർ ചോദ്യോത്തര വേളയിലേക്ക് കടന്നു. ദുരിദാശ്വാസ ഫണ്ട് വിനിയോഗം സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി. മുഖ്യമന്ത്രിയുടെ മറുപടിക്ക് ഇടയിലും പ്രതിപക്ഷം ബഹളം വെച്ചു.