ജനസേവനത്തിന് കിട്ടിയ വരുമാനത്തില്‍ നിന്ന് നയാപൈസപോലും കൈകൊണ്ട് തൊട്ടിട്ടില്ല: സുരേഷ് ഗോപി
പരിഹാസവുമായി ട്രോളന്മാര്‍
ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും തനിക്ക് കിട്ടിയ വരുമാനം ഉപയോഗിച്ചിട്ടില്ലെന്ന് തൃശൂര്‍ എം പിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. എം പി എന്ന നിലയില്‍ തനിക്ക് കിട്ടിയ വരുമാനം, പെന്‍ഷന്‍ എന്നിവയില്‍ നിന്ന് ഒരു നയാ പൈസ പോലും കൈകൊണ്ട് തൊട്ടിട്ടില്ല. നേരത്തെ രാജ്യസഭാ എംപി ആയിരുന്നപ്പോളും ഇപ്പോള്‍ തൃശൂര്‍ എംപിയായപ്പോമ്പോഴും പാര്‍ലമെന്റില്‍ നിന്ന് കിട്ടിയ വരുമാനവും പെന്‍ഷനും താന്‍ തന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിട്ടില്ല.
താന്‍ ഒരിക്കലും തൊഴിലിന് വന്ന ആളല്ലെന്നും ആര്‍ക്ക് വേണമെങ്കിലും ഈ പറഞ്ഞ കാര്യങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കാമെന്നും സുരേഷ് ഗോപി അറിയിച്ചു. ബിജെപി ആലപ്പുഴ ജില്ലാ ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.
ഞാന്‍ ഇഷ്ടപ്പെടുന്ന ഒരുപാട് നേതാക്കളുണ്ട്. അവര്‍ക്കൊരു രാഷ്ട്രീയ പിന്‍ബലം നല്‍കാന്‍ വേണ്ടി മാത്രമാണ് ഇതിലേക്ക് വന്നത്. മുന്‍പ് ഗുജറാത്തില്‍ വച്ച് നരേന്ദ്ര മോദിയെ കണ്ടപ്പോഴും തന്റെ തീരുമാനത്തില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ എന്റെ അന്നം മുട്ടിക്കുന്ന ചില രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായതോടെയാണ് ഈ മേഖലയിലേക്ക് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സുരേഷ് ഗോപിയുടെ പ്രസംഗത്തിന്റെ ഭാഗം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ട്രോളിന് കാരണമാക്കിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ശരിയാണെന്നും അക്കൗണ്ടിലെത്തിയ പണം കൈകൊണ്ട് തൊടാതെ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ടെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ അതുകൊണ്ട് നാട്ടുകാര്‍ക്ക് ആ പണം കൊണ്ട് ഒരു ഉപകാരവും കിട്ടിയിട്ടില്ലെന്ന് മറ്റൊരു കൂട്ടര്‍ പരിഹസിക്കുന്നു. എന്നാല്‍, കേരളത്തിലെ ആദ്യ ബി ജെ പി എം പിയുടെ പ്രസ്താവന ആഘോഷിക്കുകയാണ് അണികള്‍.