
അജ്മാന്‍: ഹാഗ് അല്‍ ലൈല ഫെസ്റ്റിവലിന്റെ ഭാഗമായി അജ്മാന്‍ നഗരസഭ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി. വിശുദ്ധ റമദാന്റെ തൊട്ടുമുന്‍പത്തെ മാസമായ ശഅ്ബാന്റെ മധ്യത്തിലുള്ള രാവാണ് ഹാഗ് അല്‍ ലൈല. ആഘോഷത്തിന്റെ പശ്ചാത്തലത്തില്‍ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന ക്യാമ്പുകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.
സ്വദേശികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള തദ്ദേശീയമായ ഒരു ആഘോഷമാണിത്. ആഘോഷത്തിന്റെ ഭാഗമായി ധാരാളം മിഠായികളും ജ്യൂസുമെല്ലാം കൂടുതലായി ആളുകള്‍ കഴിക്കുന്നത് പരിഗണിച്ചാണ് പരിശോധനകള്‍ കര്‍ശനമാക്കിയത്. ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കുന്ന ഹോട്ടലുകളും കഫറ്റേരിയകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പ്രേരിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ക്യാമ്പയിന്‍ തുടക്കമായിരിക്കുന്നത്.
ഹാഗ് അല്‍ ലൈലപോലുള്ള ആഘോഷ ദിനങ്ങളില്‍ ഭക്ഷ്യസുരക്ഷ അജ്മാന്‍ നഗരസഭയുടെ ഏറ്റവും പ്രാധാന്യമുള്ള പരിഗണന വിഷയമാണെന്ന് നഗരസഭയുടെ പബ്ലിക് ഹെല്‍ത്ത് എന്‍വിയോണ്‍മെന്റ് സെക്ടര്‍ എക്്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഖാലിദ് മൊഈന്‍ അല്‍ ഹസനി വ്യക്തമാക്കി. നഗരസഭയിലെ നൂതനമായ പരിശോധന സംവിധാനങ്ങള്‍ ലാബ് ടെസ്റ്റുകളും ഭക്ഷ്യവസ്തുക്കള്‍ ഏറ്റവും ഗുണനിലവാരമുള്ള രീതിയിലാണെന്ന് ഉറപ്പാക്കുന്നുണ്ട്. എമിറേറ്റിലെ മുഴുവന്‍ ഭക്ഷ്യ വിതരണ കേന്ദ്രങ്ങളുമായി ചേര്‍ന്നാണ് പരിശോധനാ ക്യാമ്പയിനുകള്‍ നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.