ഭൂമി പിടിച്ചെടുക്കാൻ പുടിന്റെ അടിയന്തര നീക്കം; യുക്രെയ്ൻ യുദ്ധത്തിൽ നിർണ്ണായക മുന്നേറ്റം നടത്തി റഷ്യൻ സൈന്യം

യുക്രെയ്നുമായുള്ള യുദ്ധത്തിൽ റഷ്യൻ സൈന്യം നിർണ്ണായകമായ ഒരു മുന്നേറ്റം നടത്തിയതായി റിപ്പോർട്ടുകൾ. കിഴക്കൻ യുക്രെയ്നിലെ നാല് അതിർത്തി ഗ്രാമങ്ങൾ റഷ്യ പിടിച്ചെടുത്തതായി സുമി മേഖലയിലെ ഗവർണർ അറിയിച്ചു. യുക്രെയ്നിനുള്ളിൽ ഒരു ‘ബഫർ സോൺ’ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യയുടെ ഈ നീക്കം.
അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങളും സജീവമാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഈ മാസം കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. യുക്രെയ്നിന്റെ ചില പ്രവിശ്യകൾ റഷ്യക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു സമാധാന കരാറിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും, വൈറ്റ് ഹൗസ് ഈ വാർത്ത തള്ളിക്കളഞ്ഞു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും ഈ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കാൻ പുടിൻ തയ്യാറാണെന്ന് നേരത്തെ സൂചനകൾ വന്നിരുന്നു. എന്നാൽ പുതിയ നീക്കങ്ങൾ റഷ്യ തങ്ങളുടെ ലക്ഷ്യങ്ങളിൽ നിന്ന് പിന്നോട്ട് പോവാൻ തയ്യാറല്ല എന്നതിന്റെ സൂചന നൽകുന്നു. ഈ നീക്കങ്ങൾ യുദ്ധത്തിന്റെ ഗതി മാറ്റുമോ എന്ന് ഉറ്റുനോക്കുകയാണ് ലോക രാഷ്ട്രങ്ങൾ