എഴുത്തുകാരി: റിൻസി പ്രിൻസ്
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
വിവേക് എന്നോട് ദേഷ്യപ്പെട്ട സംസാരിച്ചത്. ഇതൊന്നും ആൾക്ക് ഇഷ്ടപ്പെടാത്ത രീതിയിൽ.. ഞാൻ ഇപ്പോൾ തന്നെ പോലീസിനോട് എല്ലാ കാര്യങ്ങളും മാറ്റി പറയാം. നിങ്ങൾക്ക് ഞാൻ കാരണം ഒരു ബുദ്ധിമുട്ട് ഉണ്ടാവേണ്ട. വിവേക് വരും എന്ന് എനിക്ക് തോന്നുന്നില്ല.
പറഞ്ഞതിനൊപ്പം അവളുടെ കണ്ണിൽ നിന്നും കണ്ണുനീരും താഴെക്കുതിർന്നു വീണിരുന്നു
” ഇപ്പൊൾ എല്ലാം കൂടി ചെന്ന് മാറ്റിപ്പറഞ്ഞാൽ നിനക്ക് കുഴപ്പം ഒന്നും വരില്ല. പോലീസുകാർ ആദ്യം പിടിച്ചു അകത്ത് ഇടുന്നത് എന്നെ ആയിരിക്കും.
ദേഷ്യത്തോടെ സെബാസ്റ്റ്യൻ പറഞ്ഞു
” ഞാൻ പിന്നെ എന്താ ചെയ്യാ.? വിവേക് തിരുനെൽവേലിയിൽ നിൽക്കുക ആണ്. അവന്റെ അച്ഛന്റെ ട്രീറ്റ്മെന്റ് കാര്യമായിട്ട്. നേരിട്ടൊന്നു പോയി കണ്ട് സംസാരിക്കാൻ പോലും പറ്റുന്ന സ്ഥലത്തല്ലല്ലോ. ഈ സാഹചര്യത്തിൽ ഞാൻ മറ്റെന്താ ചെയ്യുന്നത്.?
എന്ത് ചെയ്യണമെന്ന് അറിയാതെ സെബാസ്റ്റ്യൻ തല ചൊറിഞ്ഞു.
പെട്ടെന്ന് ഫോണിൽ ബെൽ കേട്ടിരുന്നു. നോക്കിയപ്പോൾ വീട്ടിൽ നിന്നാണ്. അവൻ കോൾ എടുത്തില്ല. കുറച്ച് സമയം കഴിഞ്ഞ് അത് തന്നെ കട്ടായപ്പോഴാണ് അവൻ മിസ്ഡ് കോൾ എണ്ണം കാണുന്നത്.
37 മിസ്സ്ഡ് കോൾ ആണ്.
ഫോൺ സൈലന്റ് ആക്കി വെച്ചിരിക്കുകയായിരുന്നു. മുഴുവൻ വീട്ടിൽ നിന്നാണ്. എന്തെങ്കിലും ആപത്ത് ഉണ്ടായോ എന്ന് ഭയന്ന് അവൻ പെട്ടെന്ന് തിരിച്ചു വിളിച്ചു.
” എടാ കാലമാട, ഞാൻ എന്താടാ ഈ കേൾക്കുന്നത്.?
ആദ്യം തന്നെ കേട്ടത് അമ്മച്ചിയുടെ ദേഷ്യത്തോട് ഉള്ള സ്വരമാണ്.
കാര്യം മനസ്സിലാവാതെ അവൻ ആദ്യം ഒന്ന് ഞെട്ടി നിന്നെങ്കിലും പിന്നീടാണ് ശോഭന ചേച്ചിയെ ആശുപത്രിയിൽ വച്ച് കണ്ട കാര്യം ഓർമ്മിച്ചത്. വള്ളി പുള്ളി വിടാതെ അമ്മച്ചിയെ എല്ലാ കാര്യങ്ങളും അവർ അറിയിച്ചിട്ടുണ്ടാകും. അതാണ് ഇങ്ങനെ സംസാരിക്കുന്നത്.?
” എന്നതാ അമ്മച്ചി.. ഫോണെടുത്ത ഉടനെ നിങ്ങൾ എന്താണ് ഇങ്ങനെ ചോദിക്കുന്നത്.?
” നീ ഏതോ ഒരുത്തിയേയും കൊണ്ട് പോലീസ് സ്റ്റേഷനിൽ ആണെന്ന് ഞാൻ അറിഞ്ഞു. നീ എന്തുവാടാ ഒപ്പിച്ചു വച്ചിരിക്കുന്നത്.? ഒരുത്തിയെയും ഞാൻ എന്റെ വീട്ടിൽ കേറ്റത്തില്ല. ആ മോഹം നീ മനസ്സിൽ വെച്ചിട്ടുണ്ടെങ്കിൽ അതങ്ങ് വാങ്ങി വെച്ചേക്ക് സെബാനെ.
” എന്റെ പൊന്നു തള്ളേ, കുറച്ചു സ്വസ്ഥത താ… കുറച്ച് കഴിഞ്ഞിട്ട് ഞാൻ അങ്ങോട്ട് വിളിച്ചു പറയാം എന്താ കാര്യം എന്ന്.
അവനു ദേഷ്യം വന്നു പോയിരുന്നു.
” നീ ഇങ്ങോട്ട് വിളിച്ച് ഒന്നും പണയാൻ നിക്കണ്ട. നീ അവളെയും കൊണ്ട് ഇങ്ങോട്ട് വന്നാൽ പിന്നെ എന്റെ ശവമായിരിക്കും കാണുന്നത്. കെട്ടി തൂങ്ങി ചാകും ഞാൻ. അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല..
” എന്നാ പിന്നെ അങ്ങനെ തന്നെ നടക്കട്ടെ. ഞാൻ വരുന്ന വഴിക്ക് കയറും കൂടി വാങ്ങിച്ചു കൊണ്ട് വരാം.
അത്രയും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു.
അവന്റെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ തന്നെ വീട്ടിലൊക്കെ അറിഞ്ഞു എന്ന് ലക്ഷ്മിക്ക് മനസ്സിലായി. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വീണു..
” നീ എന്തിനാ കണ്ണീർ സീരിയലിലെ നായികയെ പോലെ ഇങ്ങനെ മിനിറ്റിന് മിനിറ്റിനു കരഞ്ഞു കൊണ്ടിരിക്കുന്നത്.?നിന്റെ ആരേലും ചത്തോ.?
അവളുടെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ അവൻ ചോദിച്ചു.
” ഞാൻ കാരണം നിങ്ങൾക്കും കൂടി പ്രശ്നമായില്ലേ.?
പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു
” നീ കാരണമൊന്നുമല്ല ഇതെന്റെ സ്ഥിരം സ്വഭാവമാ. എന്തെങ്കിലും പ്രശ്നത്തിൽ പോയി തലയിട്ട് പണി മേടിച്ചില്ലെങ്കിൽ എനിക്ക് സ്വസ്ഥത ഉണ്ടാവില്ല. മനസാക്ഷി അല്പം കൂടിപ്പോയി അതിന്റെ പ്രശ്നം ആണ്. പലതവണ അതിന് പണി കിട്ടിയിട്ടുണ്ട്. എങ്കിലും പഠിക്കില്ല. എന്താ ചെയ്യുന്നത്.?
” നമുക്കെല്ലാം പോലീസുകാരോട് തുറന്നു പറഞ്ഞാലോ.
” അതൊന്നും ശരിയാവില്ല. അവരെല്ലാം നിന്നെ കെട്ടാൻ പോകുന്നവന്റെ ആൾക്കാരാ. അവരുടെ സംസാരത്തിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി. ഇപ്പൊ തന്നെ നമ്മളെ വാച്ച് ചെയ്യാൻ എത്ര പേര് കാണും എന്നറിയോ.? എല്ലാം തുറന്നു പറഞ്ഞാൽ നീ ചിലപ്പോൾ സുരക്ഷിതമായിട്ട് നിന്റെ അച്ഛന്റെ അടുത്തുപോലും ആയിരിക്കില്ല എത്തുന്നത്. അയാൾ വേറെ എവിടെയെങ്കിലും നിന്നെ കൊണ്ടു പോയാലോ.?
സെബാസ്റ്റ്യൻ അത് പറഞ്ഞപ്പോൾ അവൾ ഒന്ന് ഭയന്നു.
” എന്നേ ഏതെങ്കിലും അനാഥാലയത്തിലോ മറ്റോ കൊണ്ടു വിടാൻ പറ്റുമോ.?
നിസ്സഹായമായി അവൾ ചോദിച്ചു
” എന്റെ കൊച്ചേ നമ്മൾ ഇവിടെ എഴുതി വച്ചിരിക്കുന്നത് എന്താണെന്ന് നിനക്കറിയോ.? നീ പൂർണ്ണ മനസോടെ എന്റെ കൂടെ ജീവിക്കാൻ ഇറങ്ങി വന്നതാണ് എന്ന്. നിന്നെ ഞാൻ സംരക്ഷിച്ചു കൊള്ളാമെന്ന്. ഇനി നിനക്ക് എന്തു പറ്റിയാലും അതിനു ഉത്തരവാദി ഞാൻ കൂടാണ്. അതുകൊണ്ട് തൽക്കാലം വേറെങ്ങും പോകുന്നതിനെപ്പറ്റി നീ ആലോചിക്കേണ്ട. എന്റെ കൂടെ വാ…. നിന്റെ കാമുകൻ നാട്ടിൽ വരട്ടെ അവനെ നേരിട്ട് നമുക്ക് ചെന്ന് കാണാം.
സെബാസ്റ്റ്യൻ പറഞ്ഞു.
” എവിടെ വരാൻ.?
അവൾ പേടിയോടെ ചോദിച്ചു.
” എന്റെ വീട്ടിലേക്ക് അല്ലാതെ എങ്ങോട്ട്.? വീട്ടിൽ കുറച്ച് പ്രശ്നം കാണും. എന്തുവന്നാലും ഇനി വരുന്നതിന്റെ ബാക്കി അല്ലാതെ എന്ത് ചെയ്യാൻ പറ്റും. ഈ പോലീസ് സ്റ്റേഷന്റെ നടയില് ഇങ്ങനെ നിൽക്കാൻ പറ്റുമോ.? നീ പേടിക്കണ്ട എന്റെ വീട്ടില് കുറച്ച് പൊട്ടലും ചീറ്റലും ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടാവും. പക്ഷേ നിന്റെ മാനത്തിന് വില പറയാൻ അവിടെ ആരും വരില്ല.
അവൻ പറഞ്ഞപ്പോൾ അവൾ അവനെ ഒന്ന് നോക്കി.
ശേഷം നിറഞ്ഞ കണ്ണുകളോട് പറഞ്ഞു
“സോറി..
” എന്തിന്..?.
അവൻ അവളോട് ചോദിച്ചു
” പണ്ട് മുത്തശ്ശി പറഞ്ഞു തന്നിട്ടുണ്ട്, ആരും ഇല്ലാത്ത ആൾക്കാർക്ക് മുമ്പിൽ ആരെങ്കിലും ആയിട്ട് ദൈവം അവതരിക്കുന്ന നിമിഷങ്ങൾ ഉണ്ടെന്ന്. അങ്ങനെ ഒരു നിമിഷത്തിലൂടെ ഞാനിപ്പോ കടന്നു പോകുന്നത്. എന്റെ മുൻപിൽ ഈശ്വരന്മാർക്ക് മുകളില് ആണ് നിങ്ങളുടെ സ്ഥാനം.
തൊഴു കയ്യോടെ അവൾ പറഞ്ഞപ്പോൾ അവന് നേരെ തൊഴുത് പിടിച്ച കൈകൾ അവൻ തന്നെ താഴ്ത്തി.. ആ നിമിഷം അവളോട് പാവം തോന്നി അവന്.
” വിഷമിക്കാതിരിക്ക്, വാ
അവൻ വിളിച്ചപ്പോൾ അവനെ അനുഗമിച്ചുകൊണ്ട് അവൾ പിന്നാലെ നടന്നു…
സാബുവിന് കാര്യങ്ങൾ ഒന്നും അറിയില്ലെങ്കിലും ശിവൻ ഇരുവരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
” ഇവിടെ ഇങ്ങനെ നിന്നാൽ എങ്ങനെ.? പോകണ്ടേ?
സാബു ചോദിച്ചു
” പോണം…
സെബാസ്റ്റ്യൻ പറഞ്ഞു
” എടാ വീട്ടിലേക്ക് പോയാൽ എല്ലാവരും അറിയില്ലേ.?
ശിവൻ ചോദിച്ചു
” അല്ലാതെ ഈ രാത്രിയിൽ എവിടെ പോകാൻ ആണ്. മാത്രമല്ല വീട്ടിൽ അറിഞ്ഞു കഴിഞ്ഞു അണ്ണാ
സെബാസ്റ്റ്യൻ പറഞ്ഞു
“എങ്ങനെ..?
ശിവൻ മനസ്സിലാവാതെ ചോദിച്ചു
” ആശുപത്രിയിൽ വെച്ച് നമ്മുടെ ശോഭന ചേച്ചിയെ കണ്ടിരുന്നു. അവരെല്ലാ കാര്യവും വിളിച്ചു പറഞ്ഞിട്ടുണ്ട്. അമ്മച്ചിയാണേ കുറച്ചു മുന്നേ വിളിച്ചത്.
” തൽക്കാലം നീ വീട്ടിലേക്ക് പോകണ്ട ബാക്കിയുള്ളവരെയും കൂടി അറിയിക്കാൻ നിക്കണ്ട.
ശിവൻ പറഞ്ഞു
” പിന്നെ എന്ത് ചെയ്യാനാ.? എന്റെ വീട്ടിലേക്ക് പോകാം. അവിടെ സന്ധ്യയും പിള്ളേരും മാത്രമല്ലേ ഉള്ളൂ.
” അത് നല്ലതാണ് അങ്ങനെ ചെയ്യട, അപ്പോഴേക്കും ചേട്ടത്തിയൊന്ന് തണുക്കട്ടെ. ഞാനും കൂടി നാളെ ചെന്ന് ചേട്ടത്തിയെ കണ്ട് സംസാരിക്കാം
സാബു പറഞ്ഞു
” സാബുച്ചായാ ഞാൻ ചെന്നില്ലെങ്കിൽ ചാച്ചനും അമ്മച്ചി എന്നാ കരുതും.?
സെബാസ്റ്റ്യൻ മടിച്ചു
” എടാ നാട്ടിൽ എല്ലാവരും അറിയും. അറിയാത്തവരെ കൂടി അറിയിക്കണോ.?
ശിവൻ പറഞ്ഞു
“ഹാ അറിയുന്നത് വിട്, എന്നാണെങ്കിലും അറിയേണ്ടതല്ലേ.? ഇപ്പഴേ അറിഞ്ഞാൽ അത്ര വലിയ ബുദ്ധിമുട്ടില്ല
സാബു പറഞ്ഞു
” അതേ അണ്ണാ, ഞാൻ വീട്ടിലേക്ക് തന്നെ പോവാ. വരുന്നത് എന്താണെന്ന് വച്ചാൽ അതിന്റെ ബാക്കി നോക്കാം.
” എങ്കിൽ പിന്നെ അങ്ങനെ ചെയ്യാം..
സാബു പറഞ്ഞു.
അങ്ങനെ സാബുവിന്റെ കാറിൽ എല്ലാവരും സെബാസ്റ്റ്യന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. സെബാസ്റ്റ്യനും ലക്ഷ്മിയും പിന്നിൽ ആണ് ഇരുന്നത്. കാറിൽ കയറി സെബാസ്റ്റ്യന്റെ അരികിൽ ഇരിക്കുമ്പോൾ അവളുടെ ഹൃദയം വല്ലാതെ ഇടിക്കുന്നുണ്ടായിരുന്നു…തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…