12 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; 27 മുതല്‍ റിയാദ് മെട്രോ ഓടിത്തുടങ്ങും
റിയാദ്: ദീര്‍ഘിച്ച കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് റിയാദ് മെട്രോ സര്‍വീസ് ബുധനാഴ്ച ആരംഭിക്കുന്നു. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ സംവിധാനമായി വിശേഷിപ്പിക്കപ്പെടുന്ന റിയാദ് മെട്രോ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിലെ പുതിയ നാഴികക്കല്ലാവുമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 12 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമെല്ലാം ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്ത എത്തിയിരിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ മൂന്ന് ലൈനുകളിലാണ് റിയാദ് മെട്രോ സര്‍വീസ് തുടങ്ങുക. ശേഷിക്കുന്ന മൂന്ന് ലൈനുകള്‍ ഡിസംബര്‍ പകുതിയോടെ തുറക്കുമെന്നും അല്‍ ഇഖ്തിസാദിയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
തലസ്ഥാന നഗരമായ റിയാദിലെ ഗതാഗതക്കുരുക്കിന് വലിയ അളവില്‍ പരിഹാരമാവുമെന്നാണ് കരുതുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികളുടെ ഭാഗമായ ഈ പദ്ധതി റിയാദിനെ കൂടുതല്‍ വലിയ വ്യാപാര, വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതില്‍ നിര്‍ണായക ഘടകമാവും. റിയാദ് മെട്രോയുടെ വരവ് റോഡ് വഴിയുള്ള ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഒരു ബദല്‍ ഗതാഗത സംവിധാനം സൃഷ്ടിക്കുകയും ചെയ്യുമെന്ന വിലയിരുത്തലിലാണ് സഊദി ഭരണകൂടം.