എയര്‍ ഇന്ത്യ എക്‌സ്പ്രസ് മസ്‌കറ്റ് വിമാനം മണിക്കൂറുകളോളം വൈകി
മതിയായ വെള്ളമോ ഭക്ഷണം ലഭിക്കാതെ ദുരിതത്തിലായെന്നുമാണ് പുറത്തുവരുന്ന വാര്‍ത്ത
കോഴിക്കോട്: പലപ്പോഴും സര്‍വിസുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ അകപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ഒമാനിലും പഴി. സയമത്തിന് പുറപ്പെടാതിരിക്കുക, വൈകിയാലും വ്യക്തമായി ഒരു വിശദീകരണവും നല്‍കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെയെല്ലാം പ്രവാസികള്‍ക്ക് വലിയ തലവേദനകള്‍ സൃഷ്ട്ടിക്കുന്ന വിമാനക്കമ്പനിയെക്കുറിച്ച് കഴിഞ്ഞ ദിവസം വന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചാര്‍ച്ചാ വിഷയം. തിങ്കളാഴ്ച രാത്രി 11.45ന് കോഴിക്കോട്ടുനിന്നും മസ്‌കത്തിലേക്കു പുറപ്പെട്ട എയര്‍ഇന്ത്യ എക്പ്രസിന്റെ ഐഎക്‌സ് 337 വിമാനം മസ്‌കറ്റില്‍ എത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു.
ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ച 5.40ന് ആണ് വിമാനം മസ്‌കത്തില്‍ എത്തിയതെന്നും യാത്ര പൂര്‍ത്തിയാക്കാന്‍ ആറ് മണിക്കൂര്‍ സമയമെടുത്തെന്നുമാണ് ഈ വിമാനത്തില്‍ യാത്ര ചെയ്തവര്‍ ആരോപിക്കുന്നത്.
യാത്ര അനന്തമായി നീളാന്‍ തുടങ്ങിയതോടെ വിമാനത്തില്‍ യാത്രചെയ്ത മുതിര്‍ന്നവര്‍ക്കൊപ്പമുള്ള കുട്ടികള്‍ പലരും കരഞ്ഞ് ബഹളം വെയ്ക്കുകയും പലരും മതിയായ വെള്ളമോ ഭക്ഷണം ലഭിക്കാതെ ദുരിതത്തിലായെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. തിങ്കളാഴ്ച രാത്രി 11.10നാണ് വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്നത്. ഒമാന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ച 1.15 നാണ് വിമാനം മസ്‌കറ്റില്‍ എത്തേണ്ടത്. രാത്രി 11 മണിയോടെതന്നെ കോഴിക്കോട്ട് നിന്നും യാത്രക്കാരെ വിമാനത്തില്‍ കയറ്റി. 11. 50 ആകുമ്പോഴേക്കും വിമാനം പറന്നു ഉയര്‍ന്നു. വിമാനം മസ്‌കറ്റില്‍ ഒമാന്‍ സമയം 1.46 നാണ് എത്തുകയെന്നാണ് അറിയിപ്പ് ലഭിച്ചതെങ്കിലും പിന്നീട് എന്തു സംഭവിച്ചെന്നു അറിയില്ലെന്നും എത്തിയപ്പോള്‍ നേരം പുലര്‍ച്ചെ 4.10 ആയെന്നും ഇവര്‍ പരാതിപ്പെടുന്നു.
ബന്ധുക്കള്‍ക്ക് അരികിലേക്കും ഭര്‍ത്താക്കന്മാര്‍ക്ക് അരികിലേക്കുമെല്ലാം പറന്നിറങ്ങാന്‍ കൊതിച്ച പരലും ദീര്‍ഘനേരമാണ് ത്രിശങ്കുവിലായത്. യാത്രക്കാരെ സ്വീകരിക്കാന്‍ വന്നവരും യാതൊരു വിവരവും ലഭിക്കാതെ നെട്ടോട്ടമോടുന്ന സ്ഥിതിയിലുമായി. വിമാനത്തിന് മസ്‌കത്ത് വിമാനത്താവളത്തില്‍നിന്നും സിഗ്‌നല്‍ ലഭിക്കുന്നതില്‍ സംഭവിച്ച കാലതാമസമാണ് യാത്രക്കാരെ ദുരിത്തിലേക്കു തള്ളിയിട്ടതെന്നാണ് അറിയുന്നത്.