സല്‍മാന്‍ രാജാവിന്റെ അതിഥികളായ ഉംറ തീര്‍ഥാടകരുടെ ആദ്യ ബാച്ച് മദീനയിലെത്തി
മദീന: സഊദി ഭരണാധികാരിയും ഇരു ഹറമുകളുടെയും സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഉംറ നിര്‍വഹിക്കാന്‍ ക്ഷണിക്കപ്പെട്ടവരുടെ ആദ്യ ബാച്ച് മദീനയിലെത്തി. സഊദി ഇസ്‌ലാമിക് അഫയേഴ്‌സ് കോള്‍ ആന്റ് ഗൈഡന്‍സ് മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് ഹജ്ജ്, ഉംറ, സന്ദര്‍ശനം എന്നിവക്കായി പ്രത്യേകം ക്ഷണിതാക്കളായി എത്തിയ അതിഥികളെ സ്വീകരിക്കുന്നത്. മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍അസീസ് ഇ്‌ന്റെര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടിലായിരുന്നു അതിഥികളെ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഗംഭീരമായി സ്വീകരിച്ചത്.
സ്ത്രീകളും പുരുഷന്മാരുമായ 12 രാജ്യങ്ങളില്‍നിന്നുമുള്ള 250 രാജകീയ അതിഥികളാണ് ആദ്യ ബാച്ചിലുള്ളത്. ഇവരില്‍ പ്രമുഖരായ മുസ്‌ലിം വ്യക്തിത്വങ്ങളുമുണ്ട്. 25 പേര്‍ മലേഷ്യയില്‍നിന്നുള്ളവരാണ്. ഈ വര്‍ഷം സല്‍മാന്‍ രാജാവ് ആയിരം അതിഥികളെയാണ് 66 രാജ്യങ്ങളില്‍നിന്നായി സ്വീകരിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
നാലു ഗ്രൂപ്പുകളായി എത്തുന്ന അതിഥികള്‍ക്ക് രാജാവിന്റെ സ്വന്തം ചെലവില്‍ ഉംറ നിര്‍വഹിക്കാനും പ്രവാചകന്‍ മുഹമ്മദിന്റെ പള്ളി സന്ദര്‍ശിക്കാനുമെല്ലാം അവസരമുണ്ടാവും. അതിഥികളായി എത്തിയവര്‍ തങ്ങള്‍ക്ക് ലഭിച്ച ഗംഭീരമായ സ്വീകരണത്തില്‍ സഊദി സര്‍ക്കാരിന് നന്ദിയറിയിച്ചു. തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് മഹത്തായ ഒരു സമ്മാനമാണെന്നും ഇത് ഇസ്‌ലാമിനും മുസ്‌ലിം ലോകത്തിനും സഊദി നല്‍കുന്ന സമാനതകളില്ലാത്ത സേവനമാണെന്നും അവര്‍ പറഞ്ഞു.