National

ആദ്യ ട്രക്ക് കൈപ്പിടിയിലായത് വായ്പയുടെ ബലത്തില്‍; ഇന്ന് സ്വന്തമായുള്ളത് 5,700 വാഹനങ്ങള്‍

ബംഗളൂരു: ഏതൊരു ബിസിനസും ആര്‍ക്കും തുടങ്ങാം. അതിനെല്ലാം നമ്മുടെ നാട്ടില്‍ വേണ്ടുവോളം സ്വാതന്ത്ര്യമുണ്ട്. വ്യക്തമായ പദ്ധതി അവതരിപ്പിക്കാന്‍ സാധിച്ചാല്‍ വായ്പയും ധാരാളം കിട്ടും. പക്ഷേ ഒരു ബിസിനസ് തുടങ്ങുന്നിടത്തല്ല കാര്യം, അതെങ്ങനെ വിജയിപ്പിച്ചെടുക്കുമെന്നിടത്താണ്. വായ്പ കുടിശ്ശികയായി ബിസിനസ് പൂട്ടി കളംമൊഴിഞ്ഞ ധാരാളം പേരാണ് നമുക്കിടയിലുള്ളത്. ഓരോ ബിസിനസിന്റെ വിജയക്കുതിപ്പിന് പിന്നിലും കഠിനാധ്വാനത്തിന്റേതായ വലിയൊരു കഥ എന്നും കാണും. കര്‍ണാടക സ്വദേശി വിജയ് സങ്കേശ്വറിന്റെ കഥയും അതില്‍നിന്നു വിഭിന്നനല്ല.

ഇന്ത്യന്‍ ബിസിനസിലെ സവിശേഷ വ്യക്തിത്വമായ അദ്ദേഹത്തിന്റെ ജീവിതകഥ ഇന്ന് ബിസിനസില്‍ ഉയരങ്ങള്‍ തേടുന്നവര്‍ക്കെല്ലാം പ്രചോദനമാണ്. തുടക്കത്തില്‍ വിജയാനന്ദ് ട്രാവല്‍സ് എന്ന് പേരിട്ടിരുന്ന അദ്ദേഹത്തിന്റെ കമ്പനി, ഇന്ന് വിആര്‍എല്‍ ലോജിസ്റ്റിക്സ് എന്ന വടവൃക്ഷമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹനങ്ങളുടെ കൂട്ടായ്മയാണിത്.

വായ്പയെടുത്ത് വാങ്ങിയ ഒരു ട്രക്കില്‍നിന്ന് തുടങ്ങി, 5,700 വാഹനങ്ങളിലേക്കും മാധ്യമരംഗത്തേക്കുമെല്ലാം പടര്‍ന്ന വലിയൊരു സാമ്രാജ്യം. വര്‍ഷങ്ങളായി അച്ചടി വ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒരു കുടുംബത്തിലെ അംഗമായിരുന്നു വിജയ്. കുടുംബ ബിസിനസില്‍നിന്ന് ഒന്ന് മാറിയാലോയെന്ന ചിന്തയായിരുന്നു വിജയിയുടെ തലവര മാറ്റിവരച്ചത്. ട്രാന്‍സ്‌പോര്‍ട്ട് രംഗത്ത് ഒരുകൈ നോക്കാമെന്ന തീരുമാനം അങ്ങനെയാണുണ്ടാവുന്നത്.

തന്റെ പദ്ധതി കുടുംബത്തെ പറഞ്ഞു മനസിലാക്കുന്നതില്‍ അദ്ദേഹം അമ്പേ പരാജപ്പെട്ടു. അതോടെ ഫണ്ട് കണ്ടെത്തനുള്ള വഴിയും എന്നെന്നേക്കുമായി അടഞ്ഞു. പക്ഷേ വിജയ് പിന്‍മാറിയില്ല, വായ്പയെടുത്ത് ഒരു ട്രക്ക് ഇറക്കി. കടം വാങ്ങിയ 2 ലക്ഷം രൂപയ്ക്ക് 1976ല്‍ വാങ്ങിയ ആ ട്രക്കില്‍ നിന്ന് തുടങ്ങിയ ബിസിനസ് 2012-ല്‍ അദ്ദേഹം മാധ്യമ രംഗത്തേക്കുള്ള ചുവട് വെയ്പ്പിലും എത്തിനില്‍ക്കുന്നു. കര്‍ണാടക സ്വദേശികള്‍ക്കു സുപരിചിതമായ വിജയ വാണി എന്ന സ്ഥാപനം ഉദയം ചെയ്യുന്നത് അങ്ങനെയാണ്. കുറഞ്ഞ സമയത്തിനകം കന്നഡയിലെ പ്രമുഖ പത്രമായി മാറാന്‍ ഈ സംരംഭത്തിനു സാധിച്ചു.

2022 -ല്‍ പുറത്തിറങ്ങിയ കന്നഡ ഭാഷാ ജീവചരിത്ര സിനിമയായ വിജയാനന്ദ് ഇദ്ദേഹത്തിന്റെ വിജയ കഥ പറഞ്ഞുവയ്ക്കുന്നതാണ്. കര്‍ണാടകയിലെ ഹുബ്ബല്ലിയിലാണ് വിആര്‍എല്‍ ലോജിസ്റ്റിക്‌സിന്റെ ആസ്ഥാനം. ഇന്ത്യയിലുടനീളം ആയിരത്തോളം അധികം ശാഖകളുള്ള കമ്പനിക്കു കീഴില്‍ പാര്‍സല്‍ സര്‍വിസ്, 3പിഎല്‍, വെയര്‍ഹൗസിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. 2024ലെ കണക്കു പ്രകാരം 2,214 കോടിയാണ് മൊത്തം മൂല്യം.

Related Articles

Back to top button