മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിലുള്ള ആൾ സമീപിച്ചു; ഒത്തുതീർപ്പായിരുന്നു ലക്ഷ്യമെന്ന് കെ എം ഷാജി
തനിക്കെതിരെ സുപ്രിം കോടതിയിൽ കേസ് നടത്താൻ മാത്രം സർക്കാർ ഒന്നര കോടിയിലേറെ ചെലവിട്ടുവെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ഇത് തിരിച്ചടക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെഎം ഷാജി പറഞ്ഞു.
പ്ലസ്ടു കോഴക്കേസിൽ ഹൈക്കോടതി വിധിക്ക് ശേഷം തന്നെ സമീപിച്ചത് മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിൽ ഉള്ള ആളാണ്. അയാളുടെ പേര് വെളിപ്പെടുത്തുന്നില്ല. സൗമ്യനായ മനസിന് ഉടമയാണ് അയാളെന്നും കെഎം ഷാജി പറഞ്ഞു. ദുബായിൽ നിന്ന് തിരിച്ചെത്തിയ ഷാജി കൊച്ചിയിലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
പിണറായിക്കെതിരായ പരാമർശങ്ങൾ അവസാനിപ്പിക്കണം എന്നായിരുന്നു സിപിഎമ്മിന്റെ ആവശ്യം. എനിക്ക് സിംഗിൾ ചങ്കാണ്, നല്ല നട്ടെല്ലും ആത്മബലവും ഉണ്ട്. തനിക്കെതിരായ കേസിലെ വിധിയിൽ സുപ്രിം കോടതി മുഖ്യമന്ത്രിയുടെ പിടലിക്ക് പിടിച്ച് തള്ളുകയാണ് ചെയ്തതെന്നും കേസ് വിജയിക്കൽ അല്ലായിരുന്നു സർക്കാർ ലക്ഷ്യമെന്നും ഷാജി വിമർശിക്കുന്നു.