ഫോൺ അമിതമായി ചൂടാവില്ല: ഗെയിമിങ് ഫീച്ചറുകളുമായി താങ്ങാവുന്ന വിലയിൽ റിയൽമിയുടെ രണ്ട് ഫോണുകൾ

തങ്ങളുടെ പി3 സീരീസിലെ സ്‌മാർട്ട്‌ഫോണുകൾ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് റിയൽമി. പി3 ശ്രേണിയിൽ റിയൽമി P3X, P3 പ്രോ സ്‌മാർട്ട്‌ഫോണുകൾക്ക് പുറമെ റിയൽമി പി 3, പി 3 അൾട്ര എന്നീ സ്‌മാർട്ട്‌ഫോണുകൾ പുറത്തിറക്കാനൊരുങ്ങുന്നതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മാർച്ച് 19ന് ഉച്ചയ്‌ക്ക് 12 മണിക്കാണ് ഈ രണ്ട് സ്‌മാർട്ട്‌ഫോണുകൾ ലോഞ്ച് ചെയ്യുക. ഇവയ്‌ക്കൊപ്പം റിയൽമി ബഡ്‌സ് എയർ 7ഉം, റിയൽമി ബഡ്‌സ് ടി 200 ലൈറ്റും അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
റിയൽമി പി3 അൾട്രയുടെ അതുല്യമായ ലൂണാർ ഡിസൈൻ, സ്പെസിഫിക്കേഷനുകൾ എന്നിവയെല്ലാം ലോഞ്ചിന് മുന്നോടിയായി കമ്പനി വെളിപ്പെടുത്തിയിരുന്നു. മികച്ച ഡിസൈൻ, ശക്തമായ പ്രകടനം, ആകർഷകമായ ക്യാമറകൾ, താങ്ങാനാവുന്ന വില എന്നിങ്ങനെ നിരവധി ഫീച്ചറുകളുമായാണ് ഈ സീരിസിൽ പുതിയ സ്‌മാർട്ട്‌ഫോണുകൾ വരുന്നത്. ഒരു മിഡ്-റേഞ്ച് സ്‌മാർട്ട്‌ഫോണിനായി തിരയുന്നവർക്ക് എന്തുകൊണ്ടും മികച്ച ഓപ്‌ഷനായിരിക്കും ഇത്. റിയൽമി പി3 അൾട്രയിൽ എന്തൊക്കെ സ്‌പെസിഫിക്കേഷനുകൾ ഉണ്ടെന്ന് പരിശോധിക്കാം.
റിയൽമി പി3 അൾട്ര, സ്പെസിഫിക്കേഷനുകൾ:
റിയൽമി പി3 അൾട്രയുടെ നിരവധി സവിശേഷതകൾ റിയൽമി ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. 25000 രൂപയിൽ താഴെ വിലയിൽ ഈ സ്‌മാർട്ട്‌ഫോൺ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. റിയൽമി ഇന്ത്യയുടെ വെബ്‌സൈറ്റ് അനുസരിച്ച്, മീഡിയാടെക് ഡൈമെൻസിറ്റി 8350 അൾട്ര പ്രോസസർ നൽകുന്ന ലോകത്തിലെ ആദ്യത്തെ ഫോണായിരിക്കും ഇത്. കൂടാതെ 12GB LPDDR5x റാമും 256GB UFS 3.1 സ്റ്റോറേജും വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ഓറിയോൺ റെഡ്, നെപ്റ്റ്യൂൺ ബ്ലൂ, ലൂണാർ വൈറ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് റിയൽമി പി3 പുറത്തിറക്കുക. 183 ഗ്രാം മാത്രം ഭാരമുള്ള ഈ സ്‌മാർട്ട്‌ഫോൺ 7.38 എംഎം സ്ലിം ഡിസൈനിലായിരിക്കും പുറത്തിറക്കുക. ഡിസ്‌പ്ലേ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 2500 ഹെർട്‌സ് ടച്ച് സാമ്പിൾ നിരക്കുള്ള ക്വാഡ് കർവ്ഡ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. 50 എംപി സോണി ഐഎംഎക്‌സ് 896 ഒഐഎസ് മെയിൻ ക്യാമറ, 8 എംപി അൾട്രാവൈഡ് ക്യാമറ എന്നിവയടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണവും ഫോണിലുണ്ട്.
80 വാട്ട് എഐ ബൈപാസ് ചാർജിങ് പിന്തുണയ്ക്കുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് പി3 അൾട്രയിൽ ഉള്ളത്. ദീർഘനേരം ഗെയിമിങ് കളിക്കുമ്പോൾ അമിതമായി ചൂടാവുന്നത് തടയുന്നതിനായി 6050 എംഎം2 വിസി കൂളിങ് സിസ്റ്റവും ഫോണിലുണ്ടാവും. ബിജിഎംഐയിൽ 90fps ഗെയിമിങ് റിയൽമി പി3 അൾട്രയിൽ സാധ്യമാകും.
റിയൽമി പി3, സ്പെസിഫിക്കേഷനുകൾ:
റിയൽമി പി3 അൾട്രയ്‌ക്കൊപ്പം, ഇതേ സീരീസിൽ കമ്പനി പുറത്തിറക്കുന്ന മറ്റൊരു ഫോണാണ് റിയൽമി പി3. 8GB വരെ റാമും 256GB വരെ സ്റ്റോറേജുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 5ജി ചിപ്‌സെറ്റിലായിരിക്കും ഈ ഫോൺ പുറത്തിറക്കുക. റിയൽമി പി3യുടെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 14999 രൂപയാണ് വില. ലോഞ്ച് തീയതി മുതൽ തന്നെ ഫോണിന്‍റെ പ്രീ-ഓർഡറും ആരംഭിക്കും.
റിയൽമി പി3 5ജിയുടെ 6 ജിബി റാം+128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 16,999 രൂപയും, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 17,999 രൂപയും 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് 19,999 രൂപയുമാണ് വില. സ്‌പേസ് സിൽവർ, നെബുല പിങ്ക്, കോമറ്റ് ഗ്രേ എന്നീ മൂന്ന് നിറങ്ങളിലാണ് ഈ ഫോൺ പുറത്തിറക്കുക. കമ്പനിയുടെ വെബ്‌സൈറ്റ്, ഫ്ലിപ്‌കാർട്ട്, മറ്റ് റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാകും വിൽപ്പനയ്‌ക്കെത്തുക.
120 ഹെട്‌സ് റിഫ്രഷ് റേറ്റും, 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും 1,500 നിറ്റ്സ് ടച്ച് സാമ്പിൾ റേറ്റും 92.65 സ്‌ക്രീൻ-ടു-ബോഡി അനുപാതം എന്നിവയുള്ള AMOLED ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഇ ഫോൺ BGMI ഗെയിമിൽ 90FPS വാഗ്‌ദാനം ചെയ്യുന്നതായി കമ്പനി അവകാശപ്പെടുന്നു. കൂടാതെ വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്നതിൽ IP69 റേറ്റിങും ഉണ്ട്. 45 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.
താപനില ക്രമീകരിക്കുന്നതിനായി എയ്‌റോസ്‌പേസ്-ഗ്രേഡ് വിസി സംവിധാനവുമുണ്ട്. കൂടാതെ ഈ ഫോൺ ഗെയിമിങിനായി എഐ മോഷൻ കൺട്രോൾ, എഐ അൾട്രാ ടച്ച് കൺട്രോൾ എന്നിവയുള്ള ജിടി ബൂസ്റ്റ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.