യുഎഇ പ്രസിഡന്റും ജോര്‍ദാന്‍ രാജാവും കൂടിക്കാഴ്ച നടത്തി
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അ്ല്‍ നഹ്‌യാനും ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ബിന്‍ അല്‍ ഹുസൈനും കൂടിക്കാഴ്ച നടത്തി. ഇന്നലെ യുഎഇ തലസ്ഥാനമായ അബുദാബിയിലായിരുന്നു ഇരു രാഷ്ട്രതലവന്മാരും കണ്ടുമുട്ടിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദവും സഹകരണവുമായിരുന്നു കൂടിക്കാഴ്ചയിലെ മുഖ്യ ചര്‍ച്ചാവിഷയം. എല്ലാ മേഖലയിലും സാമ്പത്തികമായും വികസനപരമായും സഹകരിക്കാനും ഇരുനേതാക്കളും തമ്മില്‍ ധാരണയായി.
സഹോദര രാജ്യത്തേക്കുള്ള ജോര്‍ദാന്‍ രാജാവിന്റെ സന്ദര്‍ശനമാണ് കൂടിക്കാഴ്ചക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയത്. ഇരുവരും മേഖലയിലെ പ്രശ്‌നങ്ങളും രാജ്യാന്തര വിഷയങ്ങളും ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്‌തെങ്കിലും ചര്‍ച്ചയുടെ മുഖ്യവിഷയം മിഡില്‍ ഈസ്റ്റിന്റെ വികസനമായിരുന്നു. ഗാസയിലും ലബനോണിലും വെടിനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. ഇവിടങ്ങളിലെ സിവിലിയന്മാരുടെ സംരക്ഷണവും അവര്‍ക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും രാജ്യാന്തര മാനുഷിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കുന്നതിനെക്കുറിച്ചും ശൈഖ് മുഹമ്മദും അബ്ദുല്ല രണ്ടാമനും വിശദമായി സംസാരിച്ചു.