കുട്ടമ്പുഴയിൽ വനത്തിൽ കുടുങ്ങിയ മൂന്ന് സ്ത്രീകളെയും പുറത്തെത്തിച്ചു; ആനയെ കണ്ടാണ് വഴി തെറ്റിയതെന്ന് സ്ത്രീകൾ

കോതമംഗലം കുട്ടമ്പുഴ വനത്തിനുള്ളിൽ കുടുങ്ങിയ മൂന്ന് സ്ത്രീകളെയും പുറത്തെത്തിച്ചു. ആനയെ കണ്ട് ഓടിയതോടെയാണ് വനത്തിനുള്ളിൽ വഴി തെറ്റിയതെന്ന് ഇവർ പറഞ്ഞു. രാത്രിയിൽ ഉറങ്ങിയില്ല. എഴുന്നേറ്റിരുന്ന് പ്രാർഥിക്കുകയായിരുന്നു. ചുറ്റിലും കൂരിരുട്ടായിരുന്നു. രാത്രി രണ്ട് മണി വരെ ചുറ്റിയും ആനയുണ്ടായിരുന്നുവെന്നും സ്ത്രീകൾ പറഞ്ഞു
കുട്ടമ്പുഴയിൽ അട്ടിക്കളത്താണ് വനത്തിൽ മൂന്ന് സ്ത്രീകളെ കാണാതായത്. ആറ് കിലോമീറ്റർ ദൂരത്തായി അറക്കമുത്തി ഭാഗത്താണ് ഇവരെ കണ്ടെത്തിയത്. സ്ത്രീകളുടെ ആരോഗ്യാവസ്ഥ പ്രശ്‌നമില്ലെന്ന് ഡിഎഫ്ഒ നേരത്തെ അറിയിച്ചിരുന്നു. പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകളെയാണ് ഇന്നലെ മുതൽ കാണാതായത്
പാറുക്കുട്ടി, ഡാർളി, മായ എന്നിവരെയാണ് കാണാതായത്. ആന ഉണ്ടായിരുന്ന ഭയം മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഡാർലി പറഞ്ഞു. മൂന്നു പേരും ഒരുമിച്ചാണുണ്ടായിരുന്നതെന്ന് ഡാർലി പറഞ്ഞു. ഭക്ഷണവും വെള്ളവും ഉണ്ടായില്ല. തിരഞ്ഞ് ആളുകൾ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വെട്ടം വന്നാൽ പുറത്തേക്ക് വരാനാണ് തീരുമാനിച്ചിരുന്നതെന്ന് മായ പറഞ്ഞു.