ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ: റമീസിന്റെ മാതാപിതാക്കളെയും കേസിൽ പ്രതി ചേർക്കും

കോതമംഗലത്തെ ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ആൺസുഹൃത്ത് റമീസിന്റെ മാതാപിതാക്കൾക്കായി അന്വേഷണം തുടരുന്നു. ആലുവ പാനായിക്കുളം സ്വദേശി റമീസ് അറസ്റ്റിലായതിന് പിന്നാലെ മാതാപിതാക്കൾ ഒളിവിൽ പോയിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്താലുടൻ കേസിൽ പ്രതി ചേർക്കുമെന്ന് പോലീസ് അറിയിച്ചു
ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. യുവതി ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിട്ടുള്ള റമീസിന്റെ സുഹൃത്തിനെയും പ്രതി ചേർക്കും. റമീസിന്റെ പിതാവ് റഹീം, മാതാവ് ഷെരീഫ എന്നിവരെ കേസിൽ രണ്ടും മൂന്നും പ്രതികളാക്കാനാണ് പോലീസ് ആലോചിക്കുന്നത്.
തന്നെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നതിൽ റമീസിനൊപ്പം മാതാപിതാക്കൾക്കും കൂട്ടുകാർക്കും പങ്കുണ്ടെന്ന് യുവതി ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു. റമീസ് യുവതിയെ വീട്ടിലെത്തിച്ച് മർദിച്ച സമയത്ത് മാതാപിതാക്കളും സുഹൃത്തും ഇവിടെയുണ്ടായിരുന്നുവെങ്കിലും തടഞ്ഞില്ലെന്നും യുവതി തന്റെ പെൺസുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു.