സുഡാനിൽ സാധാരണക്കാരെ സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന് യുഎഇ, യുഎസ്, സൗദി അറേബ്യ
സുഡാനിൽ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെയും യുദ്ധക്കുറ്റങ്ങളെയും അപലപിച്ചു

സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) തമ്മിൽ നടക്കുന്ന പോരാട്ടം കടുത്ത മനുഷ്യാവകാശ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. ഈ സാഹചര്യത്തിൽ, സാധാരണക്കാരായ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് യുഎഇ, യുഎസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സുഡാനിലെ സംഘർഷത്തിൽ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് വീട് ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരികയും ചെയ്തത്. പോരാട്ടത്തിൽ സാധാരണക്കാരെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. സുഡാനിലെ ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കണമെന്നും, അതിക്രമങ്ങൾ നടത്തുന്നവർക്ക് എതിരെ ശക്തമായ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കാനും വേണ്ട എല്ലാ പിന്തുണയും നൽകുമെന്ന് യുഎഇ വ്യക്തമാക്കി. സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്നും സംയുക്ത പ്രസ്താവനയിൽ അവർ ആഹ്വാനം ചെയ്തു.