മെക്7 ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് വി മുരളീധരന്‍
പിന്നില്‍ ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ഫ്രണ്ടുമാണെന്ന് സംശയം
മലബാര്‍ ജില്ലകളെ കേന്ദ്രീകരിച്ച് ഒരു സംഘടനയുടെയും കീഴിലല്ലെന്ന അവകാശവാദത്തോടെ നടക്കുന്ന പ്രഭാത വ്യായാമ പദ്ധതിക്കെതിരെ ബി ജെ പി നേതാവും കേന്ദ്ര മുന്‍ സഹമന്ത്രിയുമായ വി മുരളീധരന്‍. മെക്7ന് പിന്നില്‍ ജമാഅത്തുകാരാണെന്ന ആരോപണവുമായി സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി രംഗത്തെത്തിയതിന് പിന്നാലെയാണ് മുരളീധരന്റെ പ്രസ്താവന.
ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ മെക് സെവന് പിന്നിലുണ്ടെന്നു സംശയിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. ഈ വിഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം. പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ തിരിച്ചറിഞ്ഞു വേണം ആളുകള്‍ ഇത്തരം പരിപാടികളില്‍ പോകാന്‍. സി.പി.എമ്മിന് ആശങ്ക ഉണ്ടാകുന്നെങ്കില്‍ നല്ല കാര്യം. ബി.ജെ.പി. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ സംരക്ഷണത്തിന് 21 മിനുറ്റ് നീളുന്ന വ്യായാമ പദ്ധതിയാണ് മെക് സെവന്‍. മലപ്പുറം തുറക്കലിലെ മുന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റന്‍ സ്വലാഹുദ്ദീനാണ് സ്ഥാപകന്‍. 2022-ല്‍ തുടങ്ങിയ മെക് സെവന്‍ മലബാറില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ആയിരത്തോളം യൂണിറ്റുകളായി വളര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് വലിയ പ്രാചരണങ്ങള്‍ വന്നതോടെയാണ് വിഷയം വിവാദത്തിലായത്.
മെക്7നെ സംശയമുനയില്‍ നിര്‍ത്തി സമസ്ത കാന്തപുരം വിഭാഗത്തിന്റെ യുവജന സംഘം നേതാവ് മുഹമ്മദലി കിനാലൂരും പിന്നീട് മുസ്ലിം ജമാഅത്തിന്റെയും സമസ്തയുടെയും സെക്രട്ടറിയും പണ്ഡിതനുമായ പേരോട് അബ്ദുര്‍റഹ്‌മാന്‍ സഖാഫിയും രംഗത്തെത്തിയതോടെയാണ് വിഷയത്തില്‍ സി പി എം പ്രതികരിച്ചത്.
എന്നാല്‍, ആരോപണങ്ങള്‍ തള്ളിക്കളയുകയാണ് മെക്7 മേധാവികള്‍. തങ്ങള്‍ക്ക് രാഷ്ട്രീയ പിന്‍ബലമോ ദുരുദ്ദേശമോയില്ലെന്ന് അവര്‍ വ്യക്തമാക്കി.