Novel

വരും ജന്മം നിനക്കായ്: ഭാഗം 21

രചന: ശിവ എസ് നായർ

ഒന്ന് പറഞ്ഞ് രണ്ടാമത്തതിന് എല്ലാവരോടും ചാടി കടിക്കാൻ വരുന്ന ശിവപ്രസാദ് ഗായത്രിക്ക് മുന്നിൽ മുട്ട് മടക്കിയത് കണ്ട് വിഷ്ണുവും സുധാകരനും മനസ്സിൽ ചിരിച്ചു. ഗൗരിക്ക് പക്ഷേ ചേച്ചിയുടെ പെരുമാറ്റം അസ്വസ്ഥത സൃഷ്ടിച്ചു.

ചേച്ചി ഇങ്ങനെ തുടങ്ങിയാൽ തന്റെ കാര്യമാണല്ലോ കഷ്ടത്തിലാവുന്നത് എന്നോർത്ത് അവൾ സ്വന്തം തലയ്ക്കടിച്ചു.

ശിവപ്രസാദിന്റെ മുൻകോപം കാരണം സുധാകരനും വിഷ്ണുവിനും അവനെ ഇത്തിരി പേടിയുണ്ട്. നോക്കിയും കണ്ടും മാത്രമേ അവര് അവനോട് സംസാരിക്കു. ഊർമിളയോടാണ് ശിവപ്രസാദ് ദേഷ്യം കാട്ടാത്തത്. അമ്മ പറഞ്ഞാൽ അവൻ എന്തും അനുസരിക്കുകയും ചെയ്യും.

“അതുപോലെ അവനവൻ കഴിച്ച പാത്രവും മറ്റുള്ളവരെ കൊണ്ട് കഴുകിക്കുന്നത് നല്ല ഏർപ്പാടല്ല. മറ്റൊന്നും ചെയ്തില്ലെങ്കിലും സ്വന്തം എച്ചിൽ പാത്രങ്ങളും ഇന്നേഴ്സും സ്വയം കഴുകണം. അല്ലാതെ മറ്റുള്ളവർക്ക് ചെയ്യാൻ ഇട്ട് കൊടുക്കുന്നത് മോശമാണ്.

ഗൗരി നിന്നോടും കൂടിയാണ് പറയുന്നത്. വീട്ടിൽ അമ്മയോട് കാണിക്കുന്ന പോലെ ഇവിടെ ചെയ്യാൻ നിൽക്കണ്ട.”

ഗായത്രിയുടെ ആ തുറന്നടിച്ച സംസാരം ഊർമിള ഒഴികെ എല്ലാവർക്കും കുറച്ചിലായി തോന്നി.

അച്ഛന്റേം മക്കളുടെം അടിവസ്ത്രമടക്കം വാഷിംഗ്‌ മെഷീനിൽ ഇട്ടായാലും കഴുകി ഉണക്കി അലമാരയിൽ കൊണ്ട് പോയി വയ്ക്കുന്നത് ഊർമിളയാണ്. അതുപോലെ വീട്ടിൽ ജോലിക്ക് വന്നിരുന്ന ബിന്ദു ലീവാകുന്ന ദിവസം എല്ലാരേം എച്ചിൽ പാത്രങ്ങൾ ഉൾപ്പെടെ കഴുകുന്നതും വീടും മുറ്റവുമൊക്കെ തൂത്തു വാരുന്നതും ഊർമിള തനിച്ചാണ്.

ആ സമയം ആരുടെയെങ്കിലും കൈ സഹായം അവർ പ്രതീക്ഷിക്കും. പക്ഷേ എല്ലാവരും സ്വന്തം കാര്യം നോക്കി പോകാറാണ് പതിവ്. ഭർത്താവും മൂത്ത മകനും ഓഫീസിലും ഇളയവൻ കോളേജിലും പോകും.

അവധി ദിവസങ്ങളിൽ ഊർമിള, ശിവ പ്രസാദിനെ ഒരു കൈ സഹായത്തിന് വിളിക്കും. അമ്മയോടുള്ള സ്നേഹം കൊണ്ട് അവൻ സഹായിച്ചു കൊടുക്കുമെങ്കിലും ശിവയ്ക്കും അതൊക്കെ ചെയ്യാൻ മടിയാണ്. അങ്ങനെ അവൻ തന്നെയാണ് ഊർമിളയോട് സഹായത്തിന് ആരെയെങ്കിലും നിർത്താൻ പറഞ്ഞത്. ശമ്പളം അവൻ തന്നെ കൊടുക്കുകയും ചെയ്തു.

ഗായത്രിയുടെ വാക്കുകൾ കേട്ട് ഒരു വേള ഊർമിള പഴയതൊക്കെ ഓർത്ത് പോയി. ആ നിമിഷം അവർക്കവളോട് ഒരു മനസ്സലിവൊക്കെ തോന്നി.

പ്ളേറ്റിൽ കൈ കഴുകി ഒഴിച്ചിട്ടു എഴുന്നേൽക്കാൻ തുടങ്ങിയ സുധാകരൻ മരുമകൾക്ക് മുന്നിൽ നാണംകെട്ട പോലെയായി. മുഖത്തെ ജാള്യത മറച്ച് അയാൾ ഒന്നും മിണ്ടാതെ പ്ളേറ്റും എടുത്ത് അടുക്കളയിലേക്ക് പോകുന്നത് താടിക്ക് കയ്യും കൊടുത്ത് ഗായത്രി ഒഴികെ മറ്റുള്ളവർ നോക്കി നിന്നു.

അച്ഛന് പിന്നാലെ വിഷ്ണുവും എഴുന്നേറ്റു. ഗൗരിയും അവന്റെ പിന്നാലെ അടുക്കളയിലേക്ക് നടന്നു.

ഭക്ഷണം കഴിഞ്ഞ് ഗായത്രിയും അവിടുന്ന് പോയി. ഊണ് മുറിയിൽ ശിവപ്രസാദും ഊർമിളയും മാത്രമായി.

“എടാ… മോനെ… ഗായത്രി നമ്മള് വിചാരിച്ച പോലെ തൊട്ടാൽ ചിണുങ്ങുന്ന പെണ്ണൊന്നുമല്ല. നീ അവളെ സൂക്ഷിച്ചോ.”

“അതെനിക്ക് അമ്മ പറയാതെ തന്നെ മനസ്സിലായതാ.” ശിവപ്രസാദിന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി.

“അവളെ മെരുക്കിയെടുക്കാൻ നീ നല്ല കഷ്ടപ്പെടും മോനെ.”

“എന്റെ പഴയ സ്വഭാവത്തിനു അവളെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കേണ്ട നേരം കഴിഞ്ഞു. പക്ഷേ ആവശ്യം നമ്മുടേതായി പോയത് കൊണ്ട് സഹിക്കാതെ നിവർത്തിയില്ല.”

“നിന്റെ മൂശേട്ട സ്വഭാവം അവളുടെ അടുത്ത് കാണിക്കണ്ട. അതിന്റെ ഇരട്ടി തിരിച്ചു കിട്ടും.” ഊർമിള മുന്നറിയിപ്പ് നൽകി.

“ഞാൻ ആരാണെന്ന് ഗായത്രിയെ ഞാൻ അറിയിച്ചു കൊടുക്കുന്നുണ്ട് അമ്മേ.” അവന്റെ സ്വരം കടുത്തു.

“അതേ… വർണ്ണയോട് കാണിച്ച മാതിരി നീ നിന്റെ കാടത്തരം അവളോട് എടുക്കാൻ നിൽക്കണ്ട. വർണ്ണയായത് കൊണ്ട് ആ സംഭവം ആരും അറിഞ്ഞില്ല. ഇത് പെണ്ണ് വേറെയാ. നിന്നെയും നമ്മളെയും അവൾ നാറ്റിച്ചിട്ടേ പോകു.” ഊർമിള ഉപദേശ രൂപേണ ശിവയോട് പറഞ്ഞു.

“അമ്മയൊന്ന് പതുക്കെ പറയ്യ്. അവളെങ്ങാനും കേട്ട് കൊണ്ട് വന്നാൽ പിന്നെ എല്ലാം ഇതോടെ തീർന്നു.”

“അവള് മുകളിലേക്ക് കേറിപ്പോയി.”

“വർണ്ണയുടെ കാര്യത്തിൽ പറ്റിയ അബദ്ധം എന്തായാലും ഇനി പറ്റാതെ നോക്കിക്കോളാം. അമ്മ പറഞ്ഞത് പോലെ ഗായത്രിയെ പേടിക്കേണ്ടതുണ്ട്.”

“ഞാനിത് പറയാൻ കാര്യം, നാളെയൊരിക്കൽ അവൾ നിന്നെ ഉപേക്ഷിച്ചു പോയാൽ അതിന്റെ നാണക്കേട് നിനക്കായിരിക്കും. വേറൊരു പെണ്ണ് കിട്ടാനും പിന്നെ ബുദ്ധിമുട്ട് ആയിരിക്കും. അതിനേക്കാളൊക്കെ ഉപരി വർണ്ണയുടെ വീട്ടുകാർക്ക് മുന്നിൽ നമ്മൾ നാണംകെടും. ആ കല്യാണം മുടങ്ങാൻ കാരണം നിന്റെ തെറ്റ് കൊണ്ട് തന്നെയാണെന്ന് എല്ലാവർക്കും ബോധ്യമാകും.

എന്റെ കൂട്ടുകാരിയുടെ മോളായി പോയി അവൾ. അതുകൊണ്ടാ എനിക്ക് ഇത്രയും നാണക്കേടായത്. അന്ന് നിന്നെപ്പറ്റി ജാനകി അങ്ങനെയൊക്കെ വിളിച്ചു പറഞ്ഞപ്പോൾ എന്റെ മോൻ അങ്ങനെയുള്ളവൻ അല്ലെന്ന് പറഞ്ഞ് ഞാൻ ഒന്നും സമ്മതിച്ചു കൊടുക്കാൻ പോയില്ല. നിന്റെ ജീവിതം നന്നായി പോവുന്നുണ്ടോന്ന് അറിയാനായി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നുണ്ടാവും അവൾ.

ഗായത്രിയെ പിണക്കാതെ കൊണ്ട് നടന്നാൽ നമുക്ക് തന്നെ കൊള്ളാം. അല്ലെങ്കിൽ ഫ്രണ്ട്സിന്റെയും ബന്ധുക്കളെയും മുന്നിൽ ജാനകി നമ്മളെ നാണംകെടുത്തും.” ഊർമിള വിഷമത്തോടെ പറഞ്ഞു.

“അമ്മ ഒന്ന് കൊണ്ടും വിഷമിക്കണ്ട. അഥവാ എന്തെങ്കിലും അബദ്ധം സംഭവിച്ചു ഗായത്രി എന്റെ ലൈഫിൽ നിന്ന് ഇറങ്ങി പോയാലും കുറ്റം അവളുടെ മേൽ ചാർത്താനുള്ള എന്തെങ്കിലും ഒപ്പിക്കും ഞാൻ.”

“നീ അങ്ങനെയൊന്നും ചിന്തിക്കണ്ട. ഇത്തിരി തന്റേടം കൂടുതൽ ഉണ്ടെന്ന് ഒഴിച്ചാൽ നിനക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ലത് തന്നെയാ ഗായത്രി. നല്ല പഠിപ്പുള്ള പെണ്ണല്ലേ. അതുകൊണ്ട് നല്ല ജോലിയും കിട്ടും. പിന്നെ അവളെ നിന്റെ വഴിക്ക് കൊണ്ട് വരേണ്ടത് നിന്റെ മിടുക്ക് പോലെയിരിക്കും.”

“അവൾടെ സൗന്ദര്യം കണ്ടാ ഞാൻ വീണുപോയത്. എല്ലാംകൊണ്ടും വർണ്ണയെക്കാൾ ഒരുപടി മേലെ നിൽക്കും ഗായത്രി. അതുകൊണ്ട് അവളെ വിട്ട് കളയാനും എനിക്ക് കഴിയില്ല. പക്ഷേ അവളെ എങ്ങനെയാ അമ്മേ ഒന്ന് മെരുക്കുന്നത്.”

“നീയൊരു തഞ്ചത്തിനൊക്കെ നിന്ന് ഗായത്രിക്ക് പെട്ടെന്ന് വിശേഷം ഉണ്ടാക്കാൻ നോക്ക്. നിന്റെ കുഞ്ഞ് അവളുടെ വയറ്റിൽ വന്ന് കഴിഞ്ഞാൽ പിന്നെ അവള് നിന്നെ വിട്ട് പോവുമെന്ന പേടി വേണ്ട.”

“അതിനവള് സമ്മതിക്കുമെന്ന് തോന്നുന്നില്ല അമ്മേ. ഇതുവരെ എന്നോട് ആ രീതിയിലുള്ള ഒരു അടുപ്പവും ഗായത്രി കാണിച്ചിട്ടില്ല.”

“ഗായത്രി വഴങ്ങുന്നില്ലെന്ന് കരുതി മോശമായി പെരുമാറാൻ ഒന്നും നിൽക്കരുത്. നീയവളെ സ്നേഹം നടിച്ച് നിന്റെ വഴിക്ക് കൊണ്ട് വരണം. കുറച്ചു സമയമെടുത്തായാലും ഗായത്രി നിന്റെ സ്നേഹം കണ്ട് മുട്ട് കുത്തണം.”

“ചില നേരത്തെ അവളുടെ വർത്തമാനം കേൾക്കുമ്പോ ഞൊറിഞ്ഞ് വരും അമ്മേ. എങ്ങനെയാ അതൊക്കെ കേട്ട് സഹിച്ചു നിൽക്കുന്നതെന്ന് എനിക്ക് തന്നെ അറിയില്ല.”

“നിന്റെ ഭാര്യയായി അവളെ ഇങ്ങോട്ട് എഴുന്നള്ളിച്ച് പോയില്ലേ. എന്നെയെങ്കിലും പേടി കാണുമെന്ന് വിചാരിച്ചു. ഇതിപ്പോ നമ്മള് അവളെ പേടിക്കേണ്ട അവസ്ഥയായി.”

“അതാണ് എനിക്ക് ദേഷ്യം വരുന്നത്. എത്ര നാൾ ഇങ്ങനെ അഭിനയിക്കും. ഗായത്രിയെ എനിക്ക് ഇഷ്ടമൊക്കെ തന്നെയാ. പക്ഷേ അവളുടെ അഹങ്കാരം പിടിച്ച സംസാരം വെറുപ്പിക്കലാണ്.”

“കുറച്ചൊക്കെ കണ്ടില്ലെന്ന് നടിക്കേണ്ടി വരും. അല്ലാതെ വേറെ വഴിയില്ല ശിവ. പിന്നെ ഗായത്രി ഈ കാണിക്കുന്നതും പറയുന്നതുമൊക്കെ നമ്മളെ മനഃപൂർവം ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയാ. അവളുടെ ഇഷ്ടമില്ലാതെ നടന്ന വിവാഹമല്ലേ, അതിന്റെ ചൊരുക്കാ.”

“അത് അമ്മ പറഞ്ഞത് ശരിയാ. എന്തായാലും അമ്മ പറഞ്ഞത് പോലെ ഞാനിന്ന് മുതൽ ഗായത്രിയെ നന്നായി ഒന്ന് സ്നേഹിക്കാൻ തുടങ്ങുകയാ.” മനസ്സിൽ ചില പദ്ധതികൾ നെയ്തുകൊണ്ട് അവൻ പറഞ്ഞു.

“പിന്നെ അവളുടെ അച്ഛന്റേം അമ്മേടേം മുൻപിൽ ഉത്തമ മരുമകൻ ആവാനും നീ ശ്രമിക്കണം. നിന്നെ ആരും ഒരിക്കലും കുറ്റം പറയാൻ ഇടവരരുത്.”

“എങ്കിൽ ഇന്ന് വൈകുന്നേരം ഞാൻ ഗായത്രിയെയും കൂട്ടി അവളുടെ വീട് വരെ ഒന്ന് പോയി വരാം അമ്മേ.”

“ഹ്മ്മ്… നിനക്ക് ബുദ്ധിയുണ്ട്…” ഊർമിള ചിരിച്ചു.

“ഇപ്പൊത്തന്നെ ഗായത്രിയോട് പോയി പറയട്ടെ ഞാൻ…” ഭക്ഷണം മതിയാക്കി അവൻ കൈ കഴുകാനായി പോയി……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button