വി സി നിയമനം: സെർച്ച് കമ്മിറ്റിയിലേക്ക് പത്ത് പേരുടെ പട്ടിക തയ്യാറാക്കി സർക്കാർ, ഇന്ന് സമർപ്പിക്കും

സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മിറ്റിയിലേക്ക് പേരുകൾ നിർദേശിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. പത്ത് പേരടങ്ങിയ പട്ടികയാണ് സർക്കാർ തയ്യാറാക്കിയത്. ഈ പട്ടിക സുപ്രീം കോടതിയിൽ ഇന്ന് സമർപ്പിച്ചേക്കും. സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള പാനൽ ഗവർണറോടും സർക്കാരിനോടും നിർദേശിക്കാൻ കോടതി നിർദേശിച്ചിരുന്നു
ഇന്ന് പാനൽ സമർപ്പിക്കാനായിരുന്നു നിർദേശം. എന്നാൽ ഗവർണർ അംഗങ്ങളെ നിർദേശിക്കുന്നതിന് സമയം നീട്ടി ചോദിച്ചേക്കും. ഐഐടിയിലെ വിദഗ്ധരടക്കം 20 പേരുകൾ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ അനുമതി കൂടി വാങ്ങിയ ശേഷം തിങ്കളാഴ്ച അന്തിമ പട്ടിക സമർപ്പിക്കാമെന്ന് ഗവർണർ കോടതിയെ അറിയിക്കും
താത്കാലിക വിസി നിയമനത്തിൽ ഇന്നലെ സുപ്രീം കോടതി വാദം കേട്ടിരുന്നു. ഗവർണർക്കെതിരായി കേരള സർക്കാർ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നും സംസ്ഥാനം കോടതിയെ അറിയിച്ചിരുന്നു.