വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ നല്ല നടപ്പാണെന്ന് അധികൃതർ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ നല്ല നടപ്പാണെന്ന് അധികൃതർ. നിലവിൽ അഫാന് ആത്മഹത്യ പ്രവണതയില്ലെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. ആത്മഹത്യ പ്രവണതയുള്ളതിനാൽ പ്രത്യേക നിരക്ഷണത്തിലായിരുന്നു അഫാൻ. എന്നാൽ നിലവിൽ അഫാനെ പാർപ്പ്രിച്ചിരിക്കുന്ന പ്രത്യേക ബ്ലോക്കിലെ നിരീക്ഷണം തുടരാൻ തന്നെയാണ് തീരുമാനം. നിലവിൽ ജയിലിൽ യു ടി ബ്ലോക്കിലാണ് അഫാൻ ഉള്ളത്. തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും അഫാൻ ഉദ്യോഗസ്ഥരോട് ആഗ്രഹം പ്രകടിപ്പിച്ചു.
നേരത്തെ പേരുമലയിലെ വീട്ടിലെത്തിച്ചും, ചുറ്റിക വാങ്ങിയ കടയിലും, ബാഗ്, സ്വർണ്ണം പണയപ്പെടുത്തിയ സ്ഥലങ്ങളിലും അന്വേഷണ സംഘം അഫാനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോൾ മരിച്ചെന്നായിരുന്നു അഫാൻ കരുതിയിരുന്നത്.അഞ്ച് കൊലപാതകങ്ങൾക്ക് ശേഷം അഫാൻ എലിവിഷം കഴിക്കുകയും പൊലീസിൽ കീഴടങ്ങുകയുമായിരുന്നു.