കുടിശിക എഴുതി തള്ളിയില്ലെങ്കില്‍ മുന്നോട്ട് പോകാനാകില്ലെന്ന് വോഡഫോണ്‍ ഐഡിയ കമ്പനി സിഇഒ

സാമ്പത്തിക ബാധ്യതയില്‍ അടിയന്തരമായി കേന്ദ്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ചില്ലെങ്കില്‍ 2026 സാമ്പത്തികവര്‍ഷത്തിന് ശേഷം സേവനം അവസാനിപ്പിക്കേണ്ടി വരുമെന്ന് പ്രമുഖ ടെലികോം കമ്പനി വോഡഫോണ്‍ ഐഡിയ. കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭിച്ചില്ലെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷം കമ്പനിയ്ക്ക് മുന്നോട്ട് പോകാനാകില്ലെന്നാണ് സിഇഒ അക്ഷയ മുന്ദ്ര വ്യക്തമാക്കുന്നത്.
വോഡഫോണ്‍ ഐഡിയ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വോഡഫോണ്‍ ഐഡിയ ടെലികോം വകുപ്പിന് അയച്ച കത്തിലാണ് സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് വ്യക്തമാക്കുന്നത്. വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് സിഇഒ അക്ഷയ മുന്ദ്ര ടെലികോം വകുപ്പിന് 2025 ഏപ്രില്‍ 17ന് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
സര്‍ക്കാരിന്റെ പിന്തുണയില്ലാത്തപക്ഷം ഫണ്ട് കണ്ടെത്താനുള്ള ബാങ്കുകളുമായി ചര്‍ച്ചകള്‍ മുന്നോട്ട് പോകാത്തതിനാല്‍ 2026 സാമ്പത്തിക വര്‍ഷത്തിനപ്പുറം വിഐഎല്ലിന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. എജിആര്‍ കുടിശികയില്‍ നിന്ന് ഏകദേശം 30,000 കോടിരൂപ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
ബാങ്കുകളോ സര്‍ക്കാരോ പിന്തുണച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത ഓഹരികളുടെ മൂല്യമുള്‍പ്പടെ വലിയ തോതില്‍ ഇടിയുമെന്നും മുന്നറിയിപ്പുണ്ട്. പിഴ ഇനത്തിലും പലിശ ഇനത്തിലും കമ്പനി നല്‍കാനുള്ള 30,000 കോടി രൂപ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് വോഡഫോണ്‍-ഐഡിയ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്.
വോഡഫോണ്‍ ഐഡിയ സമര്‍പ്പിച്ച ഹര്‍ജിയില്‍ മെയ് 19ന് സുപ്രീംകോടതി വാദം കേള്‍ക്കും. 58,000 കോടിയോളം രൂപയാണ് കുടിശികയായി വോഡഫോണ്‍ സര്‍ക്കാരിന് നല്‍കാനുള്ളത്.