പോത്തുകല്ലിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് ശബ്ദം: പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകി നാട്ടുകാർ
മലപ്പുറം: മലപ്പുറത്ത് വീണ്ടും ഭൂമിക്കടിയിൽ നിന്ന് ശബ്ദമുയർന്നത് പരിഭ്രാന്തിയുണർത്തി. പോത്തുകല്ലിലെ ആനക്കല്ലിലാണ് ഇന്നലെ വീണ്ടും ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടത്. ഇതേ തുടർന്ന് പ്രദേശവാസികളെ ഞെട്ടിക്കുളം എയുപി സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു.
കുറച്ച് നാളുകളായി തുടർച്ചയായുണ്ടാകുന്ന ഈ ശബ്ദം ജനങ്ങളെ ആശങ്കാകുലരാക്കിയിട്ടുണ്ട്. അതിനാൽ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിൻ്റെ നേതൃത്വത്തിൽ പ്രദേശവാസികൾ മലപ്പുറം ജില്ലാ കളക്ടർ ആർ. വിനോദിന് നിവേദനം നൽകി.
അതേസമയം തിരുവനന്തപുരത്തുനിന്നുള്ള വിദഗ്ധസംഘം സ്ഥലത്തെത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകി. ദിവസങ്ങള്‍ക്ക് മുമ്പും പോത്ത്കല്ലിൽ ഭൂമിക്കടിയിൽ നിന്ന് വലിയ ശബ്ദം കേട്ടിരുന്നു. ഇതെ തുടർന്ന് വീടുകള്‍ക്ക് വിള്ളലും സംഭവിച്ചിരുന്നു.